ചെന്നൈ : നടൻ വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രഥമ സമ്മേളനം വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയിൽ സെപ്റ്റംബർ 23-ന് നടക്കും.
ഇവിടെയുള്ള വി-ശാലൈ ഗ്രാമത്തിലാണ് സമ്മേളനം നടക്കുകയെന്ന് പാർട്ടി ജനറൽ സെക്രട്ടറി ബുസ്സി ആനന്ദ് പറഞ്ഞു.
സമ്മേളനത്തിന് അനുമതിക്കായി ജില്ലാ പോലീസ് സൂപ്രണ്ടിന് അപേക്ഷ സമർപ്പിച്ചു. തടസ്സങ്ങളൊന്നും ഇല്ലാത്തതിനാൽ സമ്മേളനത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ലക്ഷക്കണക്കിന് അനുഭാവികളെ പങ്കെടുപ്പിച്ച് പാർട്ടിയുടെ ശക്തിപ്രകടനമായി സമ്മേളനം മാറ്റാനാണ് വിജയ്‌യുടെ പദ്ധതി.
സമ്മേളനത്തിനായി തിരുച്ചിറപ്പള്ളി ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദി തേടിയെങ്കിലും വിക്രവാണ്ടി അന്തിമമാക്കുകയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് പാർട്ടിയുടെ പതാക പുറത്തിറക്കിയത്. ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് പാർട്ടി രൂപവത്കരിച്ചത്. 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയാണ് ലക്ഷ്യം.