ചെന്നൈ : വൈദ്യുതി നിരക്ക് വർധനയിൽ പ്രതിഷേധിച്ച് പുതുച്ചേരിയിൽ ബുധനാഴ്ച ‘ഇന്ത്യ’ മുന്നണിയുടെ നേതൃത്വത്തിൽ നടത്തിയ ബന്ദ് ചിലയിടങ്ങളിൽ അക്രമത്തിൽ കലാശിച്ചു.
500-ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കടലൂർ റോഡിലെ വെങ്കടസുബ്ബ റെഡിയാർ സ്ക്വയറിനു സമീപം നടന്ന പ്രതിഷേധ പ്രകടനമാണ് അക്രമത്തിലേക്കു നയിച്ചത്.
പ്രതിഷേധക്കാർ സർക്കാർ ബസുകൾ തടയുകയും റോഡിൽ കിടന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തതോടെയാണ് പോലീസെത്തി അറസ്റ്റ് ചെയ്തത്.
അനിഷ്ട സംഭവങ്ങൾ ചെറുക്കാൻ ഇവിടെ നൂറിലധികം പോലീസുകാരെ വിന്യസിച്ചു. വിളിയനൂർ, സെത്രപ്പേട്ട്, ബാഗൂർ തുടങ്ങിയ ഇടങ്ങളിലും പ്രതിഷേധക്കാർ അറസ്റ്റിലായി.
ഡി.എം.കെ. നേതാവ് ശിവയുടെയും കോൺഗ്രസ് നേതാവ് വൈദ്യലിംഗത്തിന്റെയും നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ മുൻ മുഖ്യമന്ത്രി വി. നാരായണസാമി, മുൻമന്ത്രി കന്ദസാമി, മുൻ എം.എൽ.എ. ബാലൻ, ഡി.എം.കെ. എം.എൽ.എ. സമ്പത്ത് തുടങ്ങി നൂറുകണക്കിന് സഖ്യകക്ഷി പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്തു.
വർധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കുക, പ്രീപെയ്ഡ് വൈദ്യുതി മീറ്റർ പദ്ധതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ ബന്ദ് നടത്തിയത്.