എറണാകുളം മഹാരാജാസ് കോളേജ് ഇന്ത്യയിലെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഡൽഹി ആസ്ഥാനമായുള്ള വിദ്യാഭ്യാസ മാസികയുടെ എഡ്യുക്കേഷണൽ വേൾഡ് ഇന്ത്യ കോളേജ് റാങ്കിങ്ങിലാണ് മഹാരാജാസ് ഇടംപിടിച്ചത്.
കരിക്കുലം, വിദ്യാർഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമം, വികസനം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് മഹാരാജാസ് തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാ മേഖലയിലും മഹാരാജാസിന് 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടാനായി. ഒന്നാം സ്ഥാനം ഹൈദരാബാദ് ഗവ. ഡിഗ്രി വിമൻസ് കോളേജിനാണ്.
500 വിദ്യാര്‍ഥികളും 21 അധ്യാപകരുമായി ഒന്നര നൂറ്റാണ്ടു മുന്‍പാണ് ഈ കലാലയം പ്രവർത്തനമാരംഭിക്കുന്നത്. 1925 ലാണ് മഹാരാജാസ് എന്ന പേര് ലഭിക്കുന്നത്. ഇന്ന് മൂവായിരത്തില്‍പ്പരം വിദ്യാര്‍ഥികളും പഠിപ്പിക്കാനായി 200ല്‍പ്പരം അധ്യാപകരുണ്ട്. കേരളത്തിലെ കലാകായിക സാംസ്കാരിക രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ ഈ കലാലയത്തിൽ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്.