ചെന്നൈ : തമിഴ്നാട്ടിൽ മൂന്നുവർഷത്തിനിടെ പുതിയവ്യവസായ സംരംഭങ്ങളിലൂടെ എത്തിയത് ആറുലക്ഷം കോടി രൂപയുടെ നിക്ഷേപം.
2021-ൽ ഡി.എം.കെ. സർക്കാർ അധികാരമേറ്റശേഷം ഇതുവരെ 10 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായിരുന്നു. ഇതിൽ 60 ശതമാനം നിക്ഷേപവും വന്നുകഴിഞ്ഞെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
നാലുലക്ഷം കോടിയുടെ സംരംഭങ്ങൾക്കുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
50 ലക്ഷം പേർക്ക് ജോലി ഉറപ്പാക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് സ്റ്റാലിൻ പറഞ്ഞു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റശേഷം നടത്തിയ വിദേശ സന്ദർശനങ്ങളിലൂടെയും തമിഴ്നാട്ടിലെ നിക്ഷേപക സംഗമങ്ങളിലൂടെയുമാണ് കൂടുതൽ നിക്ഷേപം എത്തിച്ചത്.
കഴിഞ്ഞമാസം നടത്തിയ യു.എസ്. സന്ദർശനത്തിൽ 7,516 കോടി രൂപയുടെ നിക്ഷേപത്തിന് ധാരണയായിരുന്നു.
ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ ബഹുരാഷ്ട്ര സ്ഥാപനങ്ങളുടെ അധികൃതരുമായി സ്റ്റാലിൻ ചർച്ച നടത്തിയിരുന്നു.
ഇലക്ട്രോണിക്സ് സാധനങ്ങളുടെ ഉത്പാദനം, ഗവേഷണ കേന്ദ്രങ്ങൾ, മൈക്രോ ചിപ്പ് നിർമാണം തുടങ്ങിയ മേഖല കേന്ദ്രീകരിച്ചാണ് ഇപ്പോൾ തമിഴ്നാട് കൂടുതൽ നിക്ഷേപം ആകർഷിക്കുന്നത്. വൈദ്യുതവാഹന നിർമാണത്തിനും പ്രാധാന്യം നൽകുന്നുണ്ട്.
സംസ്ഥാനത്ത് പുതിയ വ്യവസായ മേഖലകളുണ്ടാക്കാനും ശ്രമം നടക്കുന്നു. കൂടുതൽ ഫാക്ടറികൾ വന്നുകൊണ്ടിരിക്കുന്ന ഹൊസൂർ മേഖലയിൽ പുതിയ വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഇതിന്റെ ഭാഗമാണ്.