ചെന്നൈ : വിരുദുനഗർ മംസാപുരത്തിനുസമീപം മിനിബസ് കുഴിയിലേക്കുമറിഞ്ഞ് മൂന്നുവിദ്യാർഥികൾ ഉൾപ്പെടെ നാലുപേർ മരിച്ചു.
14 വിദ്യാർഥികൾ ഉൾപ്പെടെ 27 പേർക്കു പരിക്കേറ്റു. മംസാപുരത്തുനിന്ന് ശ്രീവില്ലിപുത്തൂരിലേക്കുപോയ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം.
ഇടുങ്ങിയ റോഡിൽ വളവുതിരിയുന്നതിനിടെ ബസ് കുഴിയിലേക്കു മറിയുകയായിരുന്നു. 35 പേരാണ് ബസിലുണ്ടായിരുന്നത്.
കോളേജ് വിദ്യാർഥി സതീഷ്‌കുമാർ (20), പ്ലസ്ടു വിദ്യാർഥി നിതീഷ് കുമാർ (17), ഒമ്പതാംക്ലാസ് വിദ്യാർഥി വാസുദേവൻ (15), കോളേജ് ജീവനക്കാരനായ മാടസാമി (27) എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ ശ്രീവില്ലിപുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസും അഗ്നിരക്ഷാസേനയുമെത്തിയാണ് വാഹനത്തിൽ കുടങ്ങിയവരെ പുറത്തെടുത്തത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ബസ് ഡ്രൈവർ മാത്യു മൈക്കിൾ രാജിനെതിരേ മംസാപുരം പോലീസ് കേസെടുത്തു. റോഡ് വീതി കൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു