പഴനി : ദിണ്ടിക്കൽ-ട്രിച്ചി റോഡ് എൻ.ജി.ഒ. കോളനിയിലെ ഒരു ചായക്കടയിൽനിന്ന് വാങ്ങിയ ഉഴുന്നുവടയിൽ പഴുതാരയെ ചത്തനിലയിൽ കണ്ടെത്തി.
വടകഴിച്ച അമ്മയും മകനും ഉൾപ്പെടെ മൂന്നുപേർക്ക് ഛർദ്ദിയും മയക്കവും അനുഭവപ്പെട്ടു. മൂവരെയും ദിണ്ടിക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിണ്ടിക്കൽ എൻ.ജി.ഒ. കോളനി പെരിയാർകോളനിയിലെ പ്യൂല (28), മകൻ സഞ്ജയ് (നാല്), സുഹൃത്ത് അശ്വതി (23) എന്നിവർക്കാണ് ഛർദ്ദിയും മയക്കവും ഉണ്ടായത്.
പ്യൂല, ദിണ്ടിക്കൽ-ട്രിച്ചി റോഡിൽ ഉഴവർചന്ത ഭാഗത്തുള്ള ഒരു ചായക്കടയിൽനിന്ന് എട്ട് ഉഴുന്നുവട വാങ്ങി വീട്ടിൽക്കൊണ്ടുപോയിരുന്നു. ഇത് കഴിക്കുന്നതിനിടെയാണ് ഒരു വടയുടെ ഉള്ളിൽ പഴുതാരയെ കണ്ടത്. അപ്പോഴേക്കും മൂവർക്കും ഛർദ്ദിയും മയക്കവും അനുഭവപ്പെട്ടു.
സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ജില്ലാ ഓഫീസർ കലൈവാണിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ ചായക്കടയിൽ പരിശോധന നടത്തി. ഉടമയിൽനിന്ന് 5,000 രൂപ പിഴചുമത്തിയശേഷം ചായക്കട പൂട്ടിച്ചു.