ചെന്നൈ: വണ്ടല്ലൂരിന് സമീപം ഒരു ഡിഎംകെ പ്രവർത്തകനെ ഒരു സംഘം വെട്ടിക്കൊന്നു. വെട്ടിക്കൊല്ലുന്നതിന് മുമ്പ് സംഘം ഇയാളുടെ കാറിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്.
മരിച്ച വി.എസ്. അരമുദൻ, കാട്ടാങ്കുളത്തൂർ പഞ്ചായത്ത് യൂണിയൻ ഡെപ്യൂട്ടി ചെയർമാനും ഡിഎംകെ കാട്ടാങ്കുളത്തൂർ യൂണിയൻ (നോർത്ത്) യൂണിയൻ സെക്രട്ടറിയുമാണ്.
മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ്റെ ജന്മദിനമായ വെള്ളിയാഴ്ച വണ്ടല്ലൂർ-വാലാജാബാദ് റോഡിലെ നിർമാണത്തിലിരിക്കുന്ന ബസ് ഷെൽട്ടർ ഉദ്ഘാടനം ചെയ്യാനിരുന്ന സ്ഥലം പരിശോധിക്കാൻ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത് എന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
വണ്ടല്ലൂരിലെ പാലത്തിന് സമീപം എത്തിയപ്പോൾ ബൈക്കിലെത്തിയ അഞ്ചംഗ സംഘം വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു.
അരമുദൻ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഓടിച്ചിട്ട് കൈയും കാലും കത്തികൊണ്ട് വെട്ടിയ ശേഷം അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു. വഴിയാത്രക്കാരാണ് പോലീസിനെ അറിയിച്ചത്.
പരിക്കേറ്റ അരമുദനെ ക്രോംപേട്ട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഡിഎംകെ പ്രവർത്തകർ കുറ്റകൃത്യം നടന്ന സ്ഥലത്ത് തടിച്ചുകൂടിയതിനാൽ അൽപനേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു. സമീപ പ്രദേശങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കി.