ചെന്നൈ : വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുന്നതിനായി ഭർത്താവ് മുരുകനെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷണർ ഓഫീസിൽ ഹാജരാക്കുന്നതിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് രാജീവ് വധക്കേസിൽ ജയിൽ മോചിതയായ നളിനി മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.
ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് സുന്ദർ മോഹൻ പിൻമാറിയതുകാരണം മറ്റൊരു ബെഞ്ചിലേക്ക് മാറ്റാൻ തീരുമാനിച്ചു.
രാജീവ് വധക്കേസിൽ 32 വർഷത്തോളം ജയിലിൽ കിടന്ന ആറുപ്രതികളെ 2022 നവംബർ 11-നാണ് സുപ്രീംകോടതി മോചിപ്പിച്ചത്.
ഇതിൽ തമിഴ്നാട് സ്വദേശികളായ നളിനിയും രവിചന്ദ്രനും സ്വതന്ത്രരായെങ്കിലും ശ്രീലങ്കൻ പൗരൻമാരായ ശാന്തൻ, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ തിരുച്ചിറപ്പള്ളി ജയിലിനുള്ളിൽ വിദേശ കുറ്റവാളികൾക്കായുള്ള ക്യാമ്പിലേക്ക് മാറ്റുകയാണ് ചെയ്തത്.
മുരുകന് വിദേശത്തേക്കു പോകുന്നതിന് യാത്രാരേഖകൾ അനുവദിക്കണമെന്നാണ് നളിനിയുടെ ആവശ്യം.
ശാന്തന് ശ്രീലങ്കയിലേക്ക് പോകുന്നതിനുള്ള രേഖകൾ അനുവദിച്ചിരുന്നെങ്കിലും അത് കൈപ്പറ്റും മുമ്പ് മരിച്ചു.