ചെന്നൈ : വനിത എസ്.പി.ക്കുനേരേയുള്ള ലൈംഗികാതിക്രമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി. രാജേഷ് ദാസ് ഒളിവിൽ.
ശിക്ഷയ്ക്കെതിരേ സമർപ്പിച്ച അപ്പീൽ തള്ളിയതിനെത്തുടർന്ന് മജിസ്ട്രേറ്റ് കോടതി വെള്ളിയാഴ്ച രാജേഷ് ദാസിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
അറസ്റ്റുചെയ്യാനായി സി.ബി.-സി.ഐ.ഡി. സംഘം വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹം ഒളിവിലാണെന്ന് മനസ്സിലായത്.
മൂന്നുവർഷംമുമ്പാണ് കേസിനാസ്പദമായ സംഭവം. വനിത എസ്.പി.യുടെ പരാതിയിൽ കേസെടുത്ത പോലീസ് രാജേഷ് ദാസിനെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കഴിഞ്ഞവർഷം ജൂണിൽ വിഴുപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇദ്ദേഹത്തിന് മൂന്നുവർഷം കഠിനതടവും വിധിച്ചു.
എന്നാൽ, ഇതിനെതിരേ വിഴുപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇയാൾ അപ്പീൽ നൽകി.
ഇതിൽ വാദംകേൾക്കുന്നതിനിടെ കേസ് ഇവിടെനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് രാജേഷ് ദാസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി.
തുടർന്ന് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും ഇതും തള്ളി. തുടർന്ന് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രിൻസിപ്പൽ സെഷൻസ് കോടതി ശരിവെച്ചു.
ഇതുപ്രകാരമാണ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
ഐ.എ.എസ്. ഉദ്യോഗസ്ഥയായ ഭാര്യ രാജേഷുമായി പിരിഞ്ഞാണ് താമസിക്കുന്നത്. കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഇയാൾക്ക് നിർബന്ധിത വിരമിക്കൽ നൽകിയിരുന്നു.