ഡൽഹി : മുന്നറിയിപ്പുകൾ നൽകിയിട്ടും അശ്ലീല ഉള്ളടക്കം പ്രദർശിപ്പിച്ച 18 ഒടിടി പ്ലാറ്റ്ഫോമുകൾ വിലക്കി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം.
രാജ്യവ്യാപകമായി ഈ ഒടിടി പ്ലാറ്റ്ഫോമുകളുടെ 19 വെബ്സൈറ്റുകളെയും 10 ആപ്ലിക്കേഷനുകളെയും 57 സോഷ്യൽ മീഡിയ ഹാൻഡിലുകളെയും നിരോധിച്ചിട്ടുണ്ട്.
ഓൺലൈൻ ഉള്ളടക്കം നിയന്ത്രിക്കുന്നതിനും കാഴ്ചക്കാരെ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.
അശ്ലീലം പ്രചരിപ്പിക്കാതിരിക്കാനുള്ള പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് സിംഗ് താക്കൂർ ആവർത്തിച്ച് ഊന്നിപ്പറഞ്ഞിട്ടുണ്ട്.
ക്രിയേറ്റീവായ ആവിഷ്കാരത്തിൻ്റെ മറവിൽ അശ്ലീലം പ്രസിദ്ധീകരിക്കുന്ന പ്ലാറ്റ്ഫോമുകൾ നീക്കം ചെയ്തതായി താക്കൂർ അറിയിച്ചു.
കേന്ദ്ര സർക്കാരിൻ്റെ മറ്റ് മന്ത്രാലയ വകുപ്പുകളുമായും മാധ്യമങ്ങളിലും വിനോദങ്ങളിലും സ്ത്രീകളുടെ അവകാശങ്ങളിലും കുട്ടികളുടെ അവകാശങ്ങളിലും വൈദഗ്ധ്യമുള്ള ഡൊമെയ്ൻ വിദഗ്ധരുമായും കൂടിയാലോചിച്ചാണ് 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് വ്യവസ്ഥകൾ പ്രകാരം തീരുമാനം എടുത്തത്. .
ഐടി നിയമം, ഇന്ത്യൻ ശിക്ഷാ നിയമം, സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം (നിരോധനം) നിയമം എന്നിവ ലംഘിച്ചതിനാണ് നടപടി.
അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിക്കുന്ന 18 OTT പ്ലാറ്റ്ഫോമുകൾ തടയാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം (I&B) വിവിധ ഇടനിലക്കാരുമായി ഏകോപിപ്പിച്ച് നടപടി സ്വീകരിക്കുകയായിരുന്നു.
ഇതോടെ 19 വെബ്സൈറ്റുകൾ, 10 ആപ്പുകൾ (ഗൂഗിൾ പ്ലേ സ്റ്റോറിൽ 7, ആപ്പിൾ ആപ്പ് സ്റ്റോറിൽ 3), ഈ പ്ലാറ്റ്ഫോമുകളുമായി ബന്ധപ്പെട്ട 57 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ ഇന്ത്യയിൽ പ്രവർത്തനരഹിതമായി.
നിരോധിക്കപ്പെട്ട ആപ്പുകള്‍ – ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡ്ഡ, ട്രൈ ഫ്ളിക്സ്, എക്സ് പ്രൈം, നിയോണ്‍ എക്സ് വിഐപി, ബേഷരംസ്, ഹണ്ടേഴ്സ്, റാബിറ്റ്, എക്സ്ട്രാ മൂഡ്, ന്യൂഫ്ളിക്സ്, മൂഡ്എക്സ്, മോജ് ഫ്ളിക്സ്, ഹോട്ട് ഷോട്ട്സ് വിഐപി, ഫുജി, ചിക്കൂഫ്ളിക്സ്, പ്രൈം പ്ലേ.