ചെന്നൈ : തിരുവണ്ണാമലൈ-തിരുപ്പത്തൂർ ജവാദു മലനിരകളിലെ വനത്തിനുള്ളിൽ ബി.ജെ.പി. പ്രവർത്തകനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി.
ചെങ്ങം താലൂക്കിലെ അടിവാരം ഗ്രാമത്തിലെ ജി. ഏഴുമലൈ (27)യാണ് മരിച്ചത്. ഏതാനും ദിവസംമുമ്പ് എട്ടംഗസംഘത്തോടൊപ്പം ട്രക്കിങ്ങിനായി വനത്തിൽ പോയതായിരുന്നു ഏഴുമലൈ.
അടുത്തദിവസം കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
തുടർന്ന് ഏഴുമലൈയുടെ അച്ഛൻ ഗോവിന്ദരാജ് ചെങ്ങം പോലീസിൽ പരാതി നൽകി.
സിങ്കാരപ്പേട്ട റെയ്ഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏഴുമലൈയുടെ ദേഹത്ത് വെടിയുണ്ടയുടെ മുറിവുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവണ്ണാമല സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഏഴുമലൈയോടൊപ്പമുണ്ടായിരുന്ന എട്ടുപേർക്കായും തിരച്ചിൽ തുടരുകയാണ്.
കാട്ടിൽ വേട്ടയാടുമ്പോൾ വെടിയേറ്റതാകാമെന്ന് സംശയിക്കുന്നതായും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.