ചെന്നൈ : അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട കെ. പൊൻമുടിയെ വീണ്ടും മന്ത്രിയാക്കുന്നതിന് ഡി.എം.കെ. ശ്രമിക്കുമ്പോൾ ഇതിന് തടയിടാൻ നീക്കവുമായി ഗവർണർ ആർ.എൻ. രവി. കഴിഞ്ഞദിവസം സുപ്രീംകോടതി പൊൻമുടിയുടെ ശിക്ഷ സ്റ്റേ ചെയ്തിരുന്നു.
മുൻ ഡി.എം.കെ. സർക്കാരിൽ (2006-11) ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നകാലത്ത് 1.75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി പൊൻമുടിക്കും ഭാര്യക്കും മൂന്നുവർഷം തടവുശിക്ഷ വിധിച്ചത്.
തുടർന്ന് എം.എൽ.എ., മന്ത്രി പദവികൾ നഷ്ടമായി. ശിക്ഷ സ്റ്റേ ചെയ്തതോടെ എം.എൽ.എ.പദവി തിരിച്ചുകിട്ടിയ പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിക്കുകയായിരുന്നു.
പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഗവർണർക്ക് കത്ത് നൽകി. എന്നാൽ, ഇത് ലഭിച്ച ദിവസംതന്നെ ഗവർണർ ഡൽഹിയിലേക്ക് പോകുകയായിരുന്നു.
വ്യാഴാഴ്ച സത്യപ്രതിജ്ഞാചടങ്ങ് നടത്താനായിരുന്നു സ്റ്റാലിന്റെ ശുപാർശയെങ്കിലും ഗവർണർ സ്ഥലത്തില്ലാതിരുന്നതിനാൽ നടന്നില്ല.
ഈ വിഷയത്തിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച ആലോചനകൾക്കാണ് ഗവർണർ ഡൽഹിയിലേക്ക് പോയതെന്നാണ് വിവരം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഗവർണർ ചർച്ചനടത്തും. ഇതിനുശേഷമാകും തീരുമാനം. ഇതിനിടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ സത്യപ്രതിജ്ഞാചടങ്ങ് വീണ്ടും മാറ്റിവെക്കാൻ സാധ്യതയുണ്ട്.