ചെന്നൈ : വോട്ടെടുപ്പ് ആദ്യഘട്ടത്തിലായിരിക്കുമെന്ന പ്രഖ്യാപനത്തോടെ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് രംഗം ഉണർന്നു.
പാർട്ടികൾ സ്ഥാനാർഥി പ്രഖ്യാപനം അടക്കമുള്ള നടപടികൾ വേഗത്തിലാക്കി. തിരഞ്ഞെടുപ്പ് അധികൃതരും തയ്യാറെടുപ്പുകൾ ആരംഭിച്ചു. പൊതുസ്ഥലങ്ങളിലെ രാഷ്ട്രീയപ്പാർട്ടി നേതാക്കളുടെ ബാനറുകളും പോസ്റ്ററുകളും നീക്കിത്തുടങ്ങി.
ഇതേ സമയം സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങൾ പ്രചാരണത്തിനായി പാർട്ടികൾ ബുക്ക് ചെയ്തുതുടങ്ങി. പുതുച്ചേരിയിലും ഏപ്രിൽ 19-ന് തന്നെയാണ് വോട്ടെടുപ്പ്.
തമിഴ്‌നാട്ടിൽ 39 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 38 സീറ്റുകളും ഡി.എം.കെ.-കോൺഗ്രസ് സഖ്യം വിജയിച്ചു. തേനിയിൽ മാത്രമാണ് അണ്ണാ ഡി.എം.കെ.-ബി.ജെ.പി. സഖ്യത്തിന് വിജയിക്കാൻ സാധിച്ചത്.
തമിഴ്‌നാട്ടിൽ ഇത്തവണ 6.19 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 3.15 കോടി വനിതകളും 3.04 കോടിയോളം പുരുഷ വോട്ടർമാരുമുണ്ട്. ട്രാൻസ്‌ജെൻഡർ വിഭാഗത്തിലുള്ള വോട്ടർമാർ 8,294 പേരാണ്.
ഡി.എം.കെ. നേതൃത്വത്തിലുള്ള ഇന്ത്യ സംഖ്യം സജ്ജമായിട്ടുണ്ട്. കഴിഞ്ഞ തവണ ഒന്നിച്ച് മത്സരിച്ച അണ്ണാ ഡി.എം.കെ.യും ബി.ജെ.പി. യും ഇത്തവണ വഴിപിരിഞ്ഞു. ഇരുകക്ഷികളും പുതിയ സഖ്യത്തിനായി ശ്രമങ്ങൾ നടത്തുകയാണെങ്കിലും ഇതുവരെ അന്തിമചിത്രമായിട്ടില്ല.
അണ്ണാ ഡി.എം.കെ. യുമായി ഡി.എം.ഡി.കെ. യും ബി.ജെ.പി. യുമായി പി.എം.കെ.യും കൈകോർക്കാനാണ് സാധ്യത. ഒ. പനീർശെൽവവും ടി.ടി.വി. ദിനകരനും ബി.ജെ.പി. യുമായി സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ് മാനില കോൺഗ്രസും ചില ചെറുകക്ഷികളും ബി.ജെ.പി. ക്ക് ഒപ്പമുണ്ട്.
ഇന്ത്യ സഖ്യത്തിൽ കോൺഗ്രസും ഡി.എം.കെ.യും മത്സരിക്കുന്ന സീറ്റുകൾ ഏതൊക്കെയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
തിങ്കളാഴ്ചയോടെ ധാരണയാകുമെന്നാണ് ഇരുപാർട്ടികളും അറിയിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ സ്ഥാനാർഥി പ്രഖ്യാപനവും പ്രതീക്ഷിക്കുന്നു.തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ 19-ന് വോട്ടെടുപ്പ്,6.19 കോടി വോട്ടർമാർ