ചെന്നൈ : വേനലവധി ചെലവഴിക്കാൻ വിദേശ രാജ്യങ്ങളിൽ പോകുന്നവരെ വിമാനക്കൂലി കൈപൊള്ളിക്കും.
ഓസ്ട്രേലിയ, ന്യൂസീലൻഡ്, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ശ്രീലങ്ക, തായ്ലാൻഡ്, മലേഷ്യ, സിങ്കപ്പൂർ, മാലദ്വീപ് എന്നിവിടങ്ങളിലേക്ക് പോകാനാണ് കൂടുതൽ ആളുകൾക്കു താത്പര്യം.
ഇന്ത്യയിലാണെങ്കിൽ ശ്രീനഗർ, മണാലി, ഡാർജിലിങ്, ഗോവ, പുരി, ഋഷികേശ്, ലക്ഷദ്വീപ് തുടങ്ങിയ ഇടങ്ങളും. എന്നാൽ മേയ് പകുതിയോടെ വിമാനക്കൂലി കുത്തനെ കൂടിയനിലയിലാണ്.
ശ്രീലങ്കയ്ക്ക് 14,500 രൂപ മുതൽ 20,000 വരെയും ബാങ്കോക്കിലേക്ക് 25,000 മുതൽ 29,000 രൂപ വരെയും സിങ്കപ്പൂരിലേക്ക് 20,000 രൂപ മുതൽ 30,000 വരെയും ദുബായിലേക്ക് 25,000 രൂപ മുതൽ 30,800 വരെയുമാണ് വിമാന നിരക്ക്.
ഡൽഹിയിലേക്ക് -13,000 രൂപയ്ക്കു മുകളിലെത്തി. ലക്ഷദ്വീപ്-23,500 രൂപയും അന്തമാനിലേക്ക് 13,000 രൂപ മുതൽ 15,800 വരെയുമാണ് നിരക്ക്.
ലോക്സഭാ തിരഞ്ഞെടുപ്പായതിനാലാണ് പലരും മേയിലേക്ക് യാത്രകൾ മാറ്റിവെച്ചിരിക്കുന്നത്.