ചെന്നൈ : തൂത്തുക്കുടി സ്ഥാനാർഥിയും ഡി.എം.കെ. നേതാവുമായ എം. കനിമൊഴിയെക്കുറിച്ച് നാം തമിഴർ കക്ഷി (എൻ.ടി.കെ.) വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേ ഡി.എം.കെ. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകി.
നാം തമിഴർ കക്ഷി മൈലാടുതുറൈ സ്ഥാനാർഥി കാളിയമ്മാളിനെതിരേയാണ് കനിമൊഴി പരാതി നൽകിയത്.
കനിമൊഴി യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ അഭിപ്രായങ്ങളിൽ മാറ്റംവരുത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്താനാണ് എൻ.ടി.കെ. സ്ഥാനാർഥി ശ്രമിക്കുന്നതെന്ന് പരാതിയിൽ ആരോപിച്ചു.
ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സാമൂഹിക മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്നും ഡി.എം.കെ. തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പൊതുമധ്യത്തിൽ നിലവാരമുള്ള പെരുമാറ്റം വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പെരുമാറ്റച്ചട്ടത്തിൽ പറയുന്നുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ 123(4) പ്രകാരം നടപടിയെടുക്കണമെന്നും ഡി.എം.കെ. ആവശ്യപ്പെട്ടു.