ചെന്നൈ : തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഭാഷയുടെപേരിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്കെതിരേ ബി.ജെ.പി.
തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. കോയമ്പത്തൂരിൽ ഈ മാസം 12-ന് നടത്തിയ പ്രസംഗത്തിൽ രാജ്യത്ത് ഒരു ഭാഷമാത്രം മതിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് എന്ന് പറഞ്ഞതാണ് പരാതിക്ക് കാരണം.
അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നെന്നാണ് പരാതിയിൽ പറയുന്നത്.
മോദിക്കെതിരേ നടത്തിയ പരാമർശങ്ങളുടെപേരിൽ നിയമനടപടി നേരിടുന്ന വ്യക്തിയാണ് രാഹുലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
മോദി തമിഴ് ഭാഷയ്ക്കും സംസ്കാരത്തിനും എതിരാണെന്ന് രാഹുൽ പ്രചരിപ്പിക്കുന്നത് വസ്തുതാവിരുദ്ധവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.
തമിഴിനോട് ആദരം പുലർത്തുന്ന വ്യക്തിയാണ് പ്രധാനമന്ത്രി. രാജ്യാന്തര ഭാഷയായി തമിഴിനെ വളർത്തുന്നതിന് അദ്ദേഹം ശ്രമം നടത്തുമ്പോഴാണ് രാഹുൽ നുണപ്രചാരണം നടത്തുന്നതെന്നും പരാതിയിൽ പറയുന്നു.