ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയത് പാർട്ടി യുവജനവിഭാഗം നേതാവും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിനാണെന്ന് ഡി.എം.കെ.
അച്ഛനും മുഖ്യമന്ത്രിയുമായി എം.കെ. സ്റ്റാലിനെക്കാൾ കൂടുതൽ ഇടങ്ങളിൽ ഉദയനിധി പര്യടനം നടത്തി.
ആകെ 8465 കിലോമീറ്റർ പര്യടനത്തിനായി സഞ്ചരിച്ചു. സംസ്ഥാനത്തെ പകുതിയിലേറെ നിയമസഭാ മണ്ഡലങ്ങളിലൂടെ ഉദയനിധി കടന്നുപോയി.
എല്ലാ ജില്ലകളിലും പ്രചാരണം നടത്തിയെന്നും ഡി.എം.കെ. പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിലായിരുന്നു തമിഴ്നാട്ടിലെ 39 ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടന്നത്.
ഡി.എം.കെ.യുടെ സ്ഥാനാർഥികളെ കൂടാതെ ഇന്ത്യ സഖ്യത്തിൽ ഉൾപ്പെട്ട എല്ലാ സ്ഥാനാർഥികൾക്ക് വേണ്ടിയും ഉദയനിധി പ്രചാരണം നടത്തി.
24 ദിവസം നീണ്ട പ്രചാരണത്തിൽ വിവിധ ലോക്സഭാ മണ്ഡലങ്ങളിൽ ഉൾപ്പെട്ട 122 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടുതേടി.
സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പ്രചാരണം നടത്തിയ നേതാവും ഉദയനിധിയാണെന്ന് എതിർപക്ഷത്തെ നേതാക്കളുടെ പ്രചാരണത്തിന്റെ കണക്കുകളുമായി താരതമ്യം ചെയ്ത ഡി.എം.കെ. അവകാശപ്പെട്ടു.