ബെംഗളൂരു: മൈസൂരുവിൽ എട്ടുവയസ്സുകാരനെ കൊലപ്പെടുത്തുകയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്തതായി കരുതുന്ന കടുവയെ മൈസൂരുവിൽ പിടികൂടി.
എച്ച് ഡി കോട്ട താലൂക്കിൽ ചൊവ്വാഴ്ച രാത്രിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആൺകടുവയെ പിടികൂടിയത്.
നാഗർഹോലെ ടൈഗർ റിസർവിലെ മെതിക്കുപ്പെ വന്യജീവി റെഞ്ചിൽ ഉൾപ്പെടുന്ന കല്ലഹട്ടി ഗ്രാമത്തിലാണ് എട്ടുവയസ്സുള്ള ചരൺ നായക്കിനെ കടുവ കൊന്നത്.
സെപ്റ്റംബർ 4ന് മാതാപിതാക്കളോടൊപ്പം കൃഷിയിടത്തിൽ നിൽക്കുമ്പോഴായിരുന്നു സംഭവം.
കടുവ കടിച്ചെടുത്ത് കൊണ്ടുപോയ കുട്ടിയുടെ മൃതദേഹം അൽപം അകലെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെടുത്തത്.
സമീപ ഗ്രാമങ്ങളിലെ കന്നുകാലികളെയും കടുവ കൊന്നിരുന്നു. ഇത് ഗ്രാമവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
തുടർന്ന് കടുവയെ പിടികൂടാൻ വനംവകുപ്പ് സംഭവസ്ഥലത്തിന് സമീപം 10 കൂടുകളും 30 കാമറകളും സ്ഥാപിക്കുകയും ഡ്രോണുകൾ ഉപയോഗിക്കുകയും ചെയ്തു.
കുട്ടിയെ കൊന്നത് ഈ കടുവയാണോ എന്ന് നിരവധി പരിശോധനകൾക്ക് ശേഷം സ്ഥിരീകരിക്കാനാകൂ എന്ന മേട്ടിക്കുപ്പേ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.എൻ. ഹർഷിത് പറഞ്ഞു.