തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കത്തിൽ ഡ്രൈവർ യദു പോലീസ് കസ്റ്റഡിയിൽ.
മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലാണ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്.
തർക്കം നടന്നതിന്റെ പിറ്റേദിവസം എടിഒയ്ക്ക് മൊഴി നൽകുന്നതിനായി യദു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു.
ഈ സമയം യദു ഓടിച്ചിരുന്ന ബസ് അവിടെയുണ്ടായിരുന്നു. ഇവിടെ സിസിടിവി ഇല്ല.
എന്നാൽ, ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് യദു പോയതായി പോലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
യദു ബസിൽ കയറി മെമ്മറി കാർഡ് മോഷ്ടിച്ചിട്ടുണ്ടോയെന്നാണ് പോലീസിന്റെ സംശയം.
ഇത് ദൂരീകരിക്കാനാണ് പോലീസിന്റെ നീക്കം. മെമ്മറി കാർഡ് കാണാനില്ലെന്ന കെഎസ്ആർടിസിയുടെ പരാതിയിൽ തമ്പാനൂർ പോലീസാണ് കേസെടുത്തത്.
പോലീസിന്റെ പരിശോധനയിൽ ക്യാമറയുടെ ഡിവിആർ ലഭിച്ചെങ്കിലും ഡിവിആറിൽ മെമ്മറി കാർഡ് ഉണ്ടായിരുന്നില്ല.
ചോദ്യം ചെയ്യുന്നതിനായി ഡ്രൈവർ യദുവിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തിച്ചു.
തമ്പാനൂർ പോലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.
ബസിനുള്ളിലെ സിസിടിവിയുടെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ ചോദ്യം ചെയ്യലുകൾ നടന്നുവരികയായിരുന്നു.
സ്റ്റേഷൻ മാസ്റ്ററേയും കണ്ടക്ടറേയും മൊഴിയെടുത്ത് വിട്ടയച്ചതിന് പിന്നാലെയാണ് ഡ്രൈവർ യദുവിനെ വൈകിട്ടോടെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്.