ചെന്നൈ : മുൻ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി എഴുപതിന്റെ നിറവിൽ.
അണ്ണാ ഡി.എം.കെ. ഭാരവാഹികൾക്കും പ്രവർത്തകർക്കുമൊപ്പം ഞായറാഴ്ച സേലത്തായിരുന്നു പളനിസ്വാമിയുടെ ജന്മദിനാഘോഷം.
70 കിലോ കേക്ക് മുറിച്ച് അദ്ദേഹം പ്രവർത്തകരുമായി പങ്കുവെച്ചു.
വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ പളനിസ്വാമിക്ക് പിറന്നാൾ ആശംസ നേർന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ, തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ് എന്നിവർ സാമൂഹിക മാധ്യമങ്ങളിൽ ആശംസ അറിയിച്ചു.
ജനസേവനം തുടരാൻ പളനിസ്വാമിക്ക് ആരോഗ്യവും ദീർഘായുസും ഉണ്ടാവട്ടെയെന്ന് ഇരുവരും ആശംസ സന്ദേശത്തിൽ കുറിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പാർട്ടി പ്രവർത്തകർ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചു. സേലം ജില്ലയിലെ ചിലുവംപാളയം ഗ്രാമത്തിൽ 1954-ലാണ് പളനിസ്വാമി ജനിച്ചത്.
എം.ജി.ആറിനോടുള്ള ആരാധനയാൽ 17-ാം വയസ്സിൽ അണ്ണാ ഡി.എം.കെ.യിൽ ചേർന്നു. 1973 -ൽ സ്വന്തം നാട്ടിൽ ശാഖാ സെക്രട്ടറിയായി.
എം.ജി.ആറിന്റെ മരണശേഷം 1989 നിയമസഭാ തിരഞ്ഞെടുപ്പിൽ എടപ്പാടി മണ്ഡലത്തിൽനിന്ന് വിജയിച്ചു.
തുടർന്ന് ഇതേ മണ്ഡലത്തിൽനിന്ന് 1991, 2011, 2016, 2019 തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു. ജയലളിത മന്ത്രിസഭയിൽ ഹൈവേ മന്ത്രിയായിരുന്നു.
2016-ൽ ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയായി. നിലവിൽ അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറിയാണ്.