ചെന്നൈ : രക്ഷിതാക്കൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ഒരുമിച്ചു സന്ദേശങ്ങൾ കൈമാറുന്നതിന് തമിഴ്നാട് സ്കൂൾ വിദ്യാഭ്യാസവകുപ്പ് വാട്സാപ്പുമായി കൈ കോർക്കുന്നു. ഇതിനുള്ള ധാരണാപത്രം ഉടൻ ഒപ്പുവെക്കുമെന്ന് അധികൃതർ അറിയിച്ചു.
സർക്കാർ ഉത്തരവുകളും പരീക്ഷാ ഫലങ്ങളും മറ്റും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, പ്രൈവറ്റ് സ്കൂളുകളിലെ 1.16 കോടി വിദ്യാർഥികളുടെ രക്ഷിതാക്കളിലേയ്ക്കും അധ്യാപകരിലേയ്ക്കും എത്തിക്കുന്നതിനായാണ് ഈ സംവിധാനം ഒരുങ്ങുന്നത്.
ഇതിന്റെ പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. പൂർണസജ്ജമാകുന്നതോടെ ഒരു കോടി നമ്പറുകളിലേക്ക് ഒറ്റയടിക്ക് സന്ദേശങ്ങളെത്തിക്കാൻ കഴിയും.
തുടക്കത്തിൽ സംസ്ഥാനതല ഉദ്യോഗസ്ഥർക്കേ സന്ദേശങ്ങൾ അയയ്ക്കാൻ കഴിയൂ. വൈകാതെ വകുപ്പ് ഡയറക്ടർമാർക്കും ജില്ലാ മുഖ്യ വിദ്യാഭ്യാസ ഓഫീസർമാർക്കും ജില്ലാ വിദ്യാഭ്യാസഓഫീസർമാർക്കും സ്കൂൾ മേധാവികൾക്കും ഇതിനുള്ള അനുമതി ലഭിക്കും.