ചെന്നൈ: ഇ പാസ് നിർബന്ധമാക്കിയതോടെ തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുണ്ടായ പ്രതിസന്ധിയില്‍ നേട്ടമുണ്ടാക്കി കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ.
ഏറ്റവും നേട്ടമുണ്ടാക്കിയത് ഊട്ടിയുടെയും കൊടൈക്കനാലിന്റെയും സമാനമായ കാലവസ്ഥയുള്ള മൂന്നാർ.
കടുത്ത ചൂടുണ്ടായിരുന്ന ഏപ്രില്‍ മാസം മൂന്നാറില്‍ സഞ്ചാരികള്‍ കുറവായിരുന്നു. എന്നാല്‍ കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
2006 ലെ നീലക്കുറിഞ്ഞി സീസണിന് ശേഷമുള്ള ഏറ്റവും വലിയ സഞ്ചാരി പ്രവാഹമാണ് ഇപ്പോഴുള്ളത്. മൂന്നാറിലേക്കുള്ള റോഡുകളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്.
ഞായറാഴ്ച മണിക്കൂറുകള്‍ നീളുന്ന ബ്ലോക്കില്‍ സഞ്ചാരികള്‍ കുടുങ്ങി. പലര്‍ക്കും ഭക്ഷണം പോലും കിട്ടിയില്ല.
മൂന്നാര്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഹോട്ടല്‍ റൂമുകള്‍ കിട്ടാത്ത അവസ്ഥയാണ്.
തമിഴ്നാട്ടില്‍ നിന്നുമുള്ള സഞ്ചാരികളുടെ എണ്ണത്തിലും വന്‍ വര്‍ധനവാണ് ഉള്ളത്. ചൂട് കുറഞ്ഞ് മഴ പെയ്യാനും തുടങ്ങിയതോടെ മൂന്നാറിലേക്കുള്ള സഞ്ചാരി പ്രവാഹം തുടരുമെന്നാണ് കരുതുന്നത്.
കാന്തല്ലൂര്‍, സൂര്യനെല്ലി, കുമളി എന്നിവിടങ്ങളിലും വന്‍ തിരക്കാണ്. തമിഴ്നാട്ടിലെ ഇ-പാസ് പ്രതിസന്ധി കേരളത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും അനുഗ്രമായിട്ടുണ്ട്.
വയനാട്, ആലപ്പുഴ, ഫോര്‍ട്ട് കൊച്ചി, ഇടുക്കിയുടെ മറ്റ് പ്രദേശങ്ങള്‍ എന്നിവടങ്ങളിലും ഇതര സംസ്ഥാന വിനോദസഞ്ചാരികളുടെ വരവ് കൂടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.