ബെംഗളൂരു: നടൻ പ്രകാശ് രാജിന് നേരെ വധഭീഷണി മുഴക്കിയ യുട്യൂബ് ചാനലിനെതിരെ ബെംഗളൂരുവിലെ അശോക് നഗർ പോലീസ് കേസെടുത്തു.
കന്നഡ യുട്യൂബ് ചാനലായ ടി.വി വിക്രമയുടെ പേരിലാണ് കേസ്.
ഉദയനിധി സ്റ്റാലിൻറെ സനാതനധർമ പരാമർശത്തെ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായി ടി.വി. വിക്രമയിൽ വന്ന പരിപാടിയാണ് കേസിനിടയാക്കിയത്.
തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്ന പരിപാടിയാണെന്ന് പ്രകാശ് രാജ് പറഞ്ഞു.
90,000-ത്തോളം ആളുകൾ കണ്ട വീഡിയോയിൽ, “സ്റ്റാലിനെയും പ്രകാശ് രാജിനെയു അവസാനിപ്പിക്കണോ? ഹിന്ദുക്കൾ എന്താണ് ചെയ്യേണ്ടത്? നിങ്ങളുടെ രക്തം തിളയ്ക്കുന്നില്ലേ?” എന്നാണ് ചാനൽ പരിപാടിയിൽ ചോദിക്കുന്നത്.
തനിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കാനുള്ള നഗ്നമായ വീഡിയോയെന്നും യൂട്യൂബ് ചാനൽ ഉടമക്കെതിരെയും ബന്ധപ്പെട്ട മറ്റ് കക്ഷികൾക്കെതിരെയും ഉടൻ നടപടിയെടുക്കണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.