ചെന്നൈ : ജനവാസകേന്ദ്രങ്ങളിൽ വന്യമൃഗങ്ങൾ കയറുന്നത് തടയാൻ തമിഴ്നാട് വനംവകുപ്പ് വെർച്വൽ വേലികൾ സ്ഥാപിക്കുന്നു.
വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള സെൻസറുകളും അവയെ തുരത്തുന്നതിനുള്ള ശബ്ദ, പ്രകാശ തരംഗങ്ങൾ പുറപ്പെടുവിക്കുന്നതിനുള്ള പ്രസരണിയുമടങ്ങുന്നതാണ് സാങ്കല്പികവേലി.
ആനമല കടുവാസങ്കേതത്തിൽ വാൽപ്പാറ മേഖലയിലാണ് സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ ശൃംഖല സ്ഥാപിക്കുന്നത്.
തൂണുകളിൽ സ്ഥാപിക്കുന്ന ഉപകരണത്തിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനുള്ള ഇൻഫ്രാറെഡ് സെൻസറുകളുണ്ട്.
ജനവാസകേന്ദ്രത്തിൽ വന്യജീവി പ്രവേശിച്ചകാര്യം സ്ഥിരീകരിച്ചാൽ അവയെ തുരത്തുന്നതിന് പ്രത്യേക ആവൃത്തിയിലുള്ള ശബ്ദവും പ്രകാശവും പുറപ്പെടുവിക്കും.
തമിഴ്നാട് ഇന്നവേഷൻ ഇനീഷ്യേറ്റീവ് പദ്ധതിയിൽപ്പെടുത്തി 2.99 കോടി രൂപ ചെലവിലാണ് തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെർച്വൽ വേലികൾ സ്ഥാപിക്കുന്നത്.
കൃഷിയിടങ്ങളോടും റേഷൻകടകളോടും ചേർന്നാണ് പ്രധാനമായും ഇവ സ്ഥാപിക്കുക. ആവശ്യമെങ്കിൽ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റാനുംകഴിയും.
വന്യജീവികളുടെ ഭീഷണിയുണ്ടെങ്കിൽ മുന്നറിയിപ്പുനൽകുന്ന സംവിധാനം ആനമലയിൽ നേരത്തേ സജ്ജമാക്കിയിട്ടുണ്ട്.
1,300 കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഇവ വന്യജീവികൾ മനുഷ്യവാസകേന്ദ്രങ്ങളിൽ കടന്നാലുടൻ എസ്.എം.എസ്. സന്ദേശം അയയ്ക്കും.
റേഷൻകടകളിൽ ഭക്ഷ്യധാന്യങ്ങൾതേടി കാട്ടാനകളെത്തുന്നത് തടയുന്നതിന് കടകൾ ഉയരമുള്ള തൂണുകൾക്കുമുകളിലേക്ക് മാറ്റുന്നുണ്ട്.
റേഷൻകടകളിൽ അധികം ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ചുവെക്കരുതെന്ന് നിർദേശിച്ചിട്ടുമുണ്ട്.