ചെന്നൈ : ചെങ്കൽപ്പെട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്ത ഇരുപതുകാരനെ പോലീസ് അറസ്റ്റുചെയ്തു. പുതുച്ചേരി റെഡ്യാർപേട്ടയിലെ അബ്ദുൽ ഖാദിറാണ് അറസ്റ്റിലായത്.
ചെങ്കൽപെട്ടിലും സമീപപ്രദേശങ്ങളിലും 10 നും 13 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു.
ഇതേത്തുടർന്നാണ്, പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ച് ചെങ്കൽപെട്ട് പോലീസ് അന്വേഷണം നടത്തിയത്. വീടുകളിൽ കടന്ന് കവർച്ച നടത്തുന്ന അബ്ദുൾ ഖാദിർ കുട്ടികളെ തട്ടിക്കൊണ്ടുപോയശേഷം ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് ലൈംഗികമായി ഉപയോഗിച്ച് ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസംരാത്രി താംബരത്തുെവച്ച് പോലീസ് വളഞ്ഞിട്ട് പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അബ്ദുൾ ഖാദിറിന് കാറിടിച്ചു പരിക്കേറ്റിരുന്നു.
പോലീസ് ഇയാളെ ചെങ്കൽപെട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോക്സോ നിയമപ്രകാരം ചെങ്കൽപെട്ട് ടൗൺ പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്.