ചെന്നൈ : തമിഴ്നാട്ടിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാപദ്ധതി വൻ ഹിറ്റായി മാറുന്നു.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ. സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് ഇത് ആരംഭിച്ചത്.
‘വിടിയൽ പയനം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്നു വർഷത്തിനകം കുതിച്ചു മുന്നേറുകയാണ്.
പിങ്ക് ബസെന്നും ഫ്രീ ബസെന്നും വിളിക്കുന്ന ഈ ബസുകളിൽ നിലവിൽ ദിവസേന സഞ്ചരിക്കുന്നത് 50 മുതൽ 55 ലക്ഷം വരെ സ്ത്രീകളാണ്.
പദ്ധതി നടപ്പാക്കിയ 2021-ൽ പ്രതിദിന യാത്രക്കാർ 35 ലക്ഷം സ്ത്രീകളായിരുന്നു. മൂന്ന് വർഷം കൊണ്ട് യാത്രക്കാരുടെ എണ്ണത്തിൽ 20 ലക്ഷത്തിന്റെ വർധനയുണ്ടായി. മൂന്നു വർഷത്തിനകം 468 കോടി യാത്ര ടിക്കറ്റുകളാണ് ബസുകളിൽ നൽകിയത്. ഗ്രാമ- നഗര വ്യത്യാസമില്ലാതെ 6,000 റൂട്ടുകളിൽ 7,000 ത്തോളം പിങ്ക് ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇവയിലൊക്കെ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ അനുവാദമുണ്ട്.
സംസ്ഥാന ഗതാഗത വകുപ്പിന് കീഴിലെ തിരഞ്ഞെടുത്ത ബസുകൾക്ക് പിങ്ക് നിറം നൽകിയാണ് വിടിയൽ പയനം പദ്ധതിയ്ക്കായി ഉപയോഗപ്പെടുത്തുന്നത്.
സൗജന്യയാത്രയിലൂടെ ഓരോ സ്ത്രീ യാത്രികർക്കും പ്രതിമാസം 1000 രൂപക്ക് മുകളിൽ ലാഭിക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. പിങ്ക് ബസുകളിൽ പുരുഷൻമാർക്കും യാത്ര ചെയ്യാൻ സാധിക്കും. പക്ഷേ പണം നൽകി ടിക്കറ്റെടുക്കണമെന്നുമാത്രം.