ചെന്നൈ : ചെന്നൈയിൽ പശുവിനെ വളർത്താനും ലൈസൻസ് നിർബന്ധമാക്കുന്നു.
തെരുവുകളിൽ അലഞ്ഞുതിരിയുന്ന പശുക്കൾ കുട്ടികളെ പരിക്കേൽപ്പിച്ചതും കുത്തിക്കൊന്നതുമായ സംഭവങ്ങൾ ചെന്നൈയിൽ പലയിടങ്ങളിലും റിപ്പോർട്ടുചെയ്തിരുന്നു.
ഇതോടൊപ്പം അലഞ്ഞുതിരിയുന്ന പശുക്കൾ രാത്രികാലങ്ങളിൽ റോഡുകളിൽ കിടക്കുന്നതിനാൽ വാഹനഗതാഗതം തടസ്സപ്പെടുന്നതും പതിവാണ്.
ഇതിനിടയിൽ ഇ.സി.ആർ. റോഡിൽ പശുവിനിടിച്ച് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അഞ്ചുപേർ മരിച്ചിരുന്നു. ഇതേത്തുടർന്നാണ് ലൈസൻസ് നിർബന്ധമാക്കുന്നത്.
അലഞ്ഞുതിരിയുന്ന പശുക്കൾക്ക് ഉടമസ്ഥരുണ്ടെന്ന് കോർപ്പറേഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ചെന്നൈയിൽ ചേരികളിലും പൊതുസ്ഥലങ്ങളിലും താമസിക്കുന്നവർ പശുക്കളെ വളർത്തുന്നുണ്ട്.
കോർപ്പറേഷൻ പരിധിയിൽ, പ്രത്യേകിച്ചും നഗരപ്രാന്തപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്നവയുടെ എണ്ണമേറെയാണ്.
ജൂൺ മാസം മുതലാണ് ലൈസൻസ് നൽകുക. കോർപ്പറേഷന്റെ മേഖലാഓഫീസുകളിലാണ് പശുവിനെ വളർത്താൻ ലൈസൻസിന് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുന്നവരുടെ തൊഴുത്ത് ഉദ്യോഗസ്ഥർ പരിശോധിച്ചതിനുശേഷം ലൈസൻസ് നൽകുമെന്ന് അധികൃതർ അറിയിച്ചു..