ചെന്നൈ : ട്രോളിങ് നിരോധനക്കാലം അവസാനിക്കാൻ ഇനി ഒരു മാസം മാത്രം ബാക്കിയിരിക്കെ മീൻപിടിത്ത ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കി.
ഏപ്രിൽ 15-നാണ് തമിഴ്നാട്ടിൽ ട്രോളിങ് നിരോധനം തുടങ്ങിയത്. 61 ദിവസം നീണ്ടുനിൽക്കുന്ന നിരോധനം ജൂൺ പകുതിയോടെ അവസാനിക്കും.
അതിനിടയിലാണ് ബോട്ടുകൾ അറ്റകുറ്റപ്പണികൾ നടത്തുകയും ചായം പൂശുകയും ചെയ്യുന്നത്. മീൻ വലകൾ നന്നാക്കുന്ന പണികളും തകൃതിയിലാണ്.
മീൻപിടിത്തക്കാർ പൊതുവെ നിർധനരും ഇടത്തരക്കാരുമാണെങ്കിലും ബോട്ടുടമകളിൽഭൂരിഭാഗവും കോടികളുടെ ആസ്തിയുള്ളവരാണെന്നാണ് റോയപുരം, കാശിമേട് ഭാഗത്തുള്ളവർ പറയുന്നു.
എല്ലാ സൗകര്യങ്ങളുമുള്ള ശരാശരി യന്ത്രവത്കൃത ബോട്ടുകൾ തയ്യാറാക്കാൻ ചുരുങ്ങിയത് 60 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെ ചെലവുവരും.
റോയപുരത്ത് ബോട്ടുകൾ നിർമിച്ചു നൽകുന്നവരുണ്ടെങ്കിലും കുറഞ്ഞ നിരക്കിൽ തൂത്തുക്കുടിയിൽ ലഭിക്കുന്നതിനാൽ പല ഉടമകളും അവിടെനിന്നാണ് വാങ്ങുന്നത്.
തൂത്തുക്കുടിയിൽനിന്ന് വാങ്ങുമ്പോൾ ചിലപ്പോൾ അഞ്ചു മുതൽ ഏഴു ലക്ഷം രൂപ വരെ വിലക്കുറവുണ്ടാകുമെന്നും ഇവർ പറയുന്നു.
മീൻവലകൾക്കുമുണ്ട് തീവില. പുതിയ വലയ്ക്ക് 50,000 രൂപ വരെ വിലവരും. ഒരു ബോട്ടിൽ 40 വലകളെങ്കിലും കരുതാറുണ്ട്. ഇതുപ്രകാരം വലയ്ക്കു മാത്രം 20 ലക്ഷം രൂപ ചെലവിടേണ്ടി വരും.
ബോട്ടുകളിൽ ഉപയോഗിക്കാനുള്ള ഡീസലിന് സർക്കാർ സബ്സിഡി നൽകുന്നുണ്ടെങ്കിലും ഇത് എവിടെയുമെത്താത്ത അവസ്ഥയാണെന്നും ബോട്ടുടമകൾ പറയുന്നു.