ചെന്നൈ : ഓൺലൈൻ ചൂതാട്ടത്തെ തുടർന്ന് കടക്കെണിയിലായ യുവാവ് ജീവനൊടുക്കി. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിലാണ് സംഭവം.
ഹൊസൂരിലുള്ള സ്വകാര്യകമ്പനിയിൽ ജോലി ചെയ്തിരുന്ന അരിയല്ലൂർ സ്വദേശി ആർ. മണിവാസകമാണ് (36) വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ഒന്നര വയസ്സുള്ള മകനോടൊപ്പം ഭാര്യ അരുണ അരിയല്ലൂരിലുള്ള സ്വന്തംവീട്ടിൽ പോയതായിരുന്നു.
കഴിഞ്ഞ ദിവസം തുടർച്ചയായി ഫോൺ വിളിച്ചിട്ടും മണിവാസകം ഫോണെടുക്കാതെ വന്നതോടെ അരുണ അയൽവീട്ടുകാരെ വിവരമറിയിച്ചു.
ഇവർ അന്വേഷിച്ചു ചെന്നപ്പോഴാണ് വീടിനുള്ളിൽ മണിവാസകത്തെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
തുടർന്ന് പോലീസ് എത്തി മൃതദേഹം ഹൊസൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഓൺലൈൻ ചൂതാട്ടത്തിലൂടെ 50 ലക്ഷത്തോളം രൂപയുടെ കടം തനിക്കുണ്ടെന്നും ഇത് തിരിച്ചുകൊടുക്കാൻ സാധിക്കാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും എഴുതിയ ആത്മഹത്യകുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തുവെന്ന് പോലീസ് പറഞ്ഞു.