ചെന്നൈ : തമിഴ് കവി തിരുവള്ളുവരെ വീണ്ടും കാവി പുതപ്പിച്ചുകൊണ്ട് ഗവർണർ ആർ.എൻ. രവി പുറത്തിറക്കിയ ക്ഷണക്കത്തിനെച്ചൊല്ലി വിവാദം പുകയുന്നു.
വെള്ളിയാഴ്ച രാജ്ഭവനിൽ സംഘടിപ്പിച്ച തിരുവള്ളുവർ തിരുവിഴ ആഘോഷ ചടങ്ങിനുവേണ്ടി തയ്യാറാക്കിയ ക്ഷണക്കത്തിലാണ് തിരുവള്ളുവരെ കാവിവസ്ത്രം ധരിപ്പിച്ചും ഭസ്മം പൂശിയും ചിത്രീകരിച്ചത്.
ഇതിൽ പ്രതിഷേധവുമായി ഭരണകക്ഷിയായ ഡി.എം.കെ.യും കോൺഗ്രസും ഉൾപ്പെടെ പാർട്ടികൾ രംഗത്തെത്തി.
തിരുവള്ളുവരെ കാവി പുതപ്പിച്ചതിലൂടെ ലോകമെമ്പാടുമുള്ള തമിഴരെ ഗവർണർ അപമാനിച്ചിരിക്കുകയാണെന്ന് ഡി.എം.കെ. വക്താവ് ടി.കെ.എസ്. ഇളങ്കോവൻ ആരോപിച്ചു.
തമിഴ് ഭാഷയെയും സംസ്കാരത്തെയുമൊക്കെ ഇതിലൂടെ അവഹേളിച്ചിരിക്കുകയാണ്. നടപടിക്കെതിരേ ശക്തമായി പ്രതിഷേധിക്കുന്നു -ഇളങ്കോവൻ പറഞ്ഞു.
തിരുവള്ളുവരെ കാവി പുതപ്പിക്കുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് അണ്ണാ ഡി.എം.കെ. മുതിർന്നനേതാവും മുൻമന്ത്രിയുമായ ഡി. ജയകുമാർ പറഞ്ഞു.
തീർത്തും അനവസരത്തിലാണ് ഗവർണർ തിരുവള്ളുവർദിനം ആഘോഷിച്ചത്. അതിനാൽ ഇനി തിരുവള്ളുവർദിനം ആഘോഷിക്കേണ്ടതിന്റെ ആവശ്യകതയുണ്ടോ എന്നും ചോദിച്ച ജയകുമാർ ഗവർണറുടെ നടപടി തമിഴരെ മൊത്തം അപമാനിക്കുന്ന തരത്തിലായെന്നും അഭിപ്രായപ്പെട്ടു.
നേരത്തെയും തിരുവള്ളുവരെ കാവി പൂശിയതുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ വിവാദമുണ്ടായിരുന്നു. ഈവർഷം ജനുവരിയിൽ ഈറോഡിലെ സർക്കാർ സ്കൂളിന്റെ ചുവരിൽ കാവിപുതച്ച തിരുവള്ളുവരുടെ ചുവർചിത്രം രാഷ്ട്രീയവിവാദത്തിന് വഴിവെച്ചിരുന്നു.
സാധാരണഗതിയിൽ ഒരു മതത്തിലും പെടാതെ വെള്ളവസ്ത്രം ധരിച്ചുമാത്രം ചിത്രീകരിക്കുന്ന തിരുവള്ളുവരെ കാവിവത്കരിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് ദ്രാവിഡ പാർട്ടികൾ ആരോപിച്ചു.