ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരേ തമിഴ്നാട് സർക്കാരും ഭരണ, പ്രതിപക്ഷ കക്ഷികളും രംഗത്തുവന്നിട്ടുണ്ട്.
മുല്ലപ്പെരിയാറിൽ നിലവിലുള്ള അണക്കെട്ട് പൊളിച്ച് പുതിയ അണകെട്ടുന്നതിനുള്ള വിശദപദ്ധതിരേഖ (ഡി.പി.ആർ.) ഒരു മാസത്തിനകം പൂർത്തിയാക്കാൻ കേരളം തീരുമാനിച്ചതാണ് തമിഴ്നാടിനെ പ്രകോപിപ്പിച്ചത്.
പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം മേയ് 28-നു ചേരുന്ന വിദഗ്ധസമിതി ചർച്ചയ്ക്കെടുക്കരുതെന്ന് തമിഴ്നാട്, കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
രണ്ടുസംസ്ഥാനങ്ങളും യോജിപ്പിലെത്തിയാൽമാത്രമേ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാൻപറ്റൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണെന്നും കേരളത്തിന്റെ പുതിയനീക്കം സുപ്രീംകോടതിവിധിക്ക് എതിരാണെന്നുമാണ് പരിസ്ഥിതിമന്ത്രാലയത്തിനുള്ള കത്തിൽ തമിഴ്നാട് പറയുന്നത്.
കേരളത്തിന്റെ നീക്കം കോടതിയലക്ഷ്യമാണെന്ന് തമിഴ്നാട്ടിലെ ഭരണ, പ്രതിപക്ഷ കക്ഷികൾ കുറ്റപ്പെടുത്തി.
കേരളത്തിന്റെ പദ്ധതി ചെറുക്കുന്നതിന് തമിഴ്നാട് സർക്കാർ ജാഗ്രതകാണിക്കുന്നില്ലെന്ന് പ്രതിപക്ഷ അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും പി.എം.കെ.യും എ.എം.എം.കെ.യും കുറ്റപ്പെടുത്തി. ഡി.എം.കെ.യുടെ സഖ്യകക്ഷികളായ കോൺഗ്രസും എം.ഡി.എം.കെ.യും കേരളത്തിനെതിരേ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്.