ചെന്നൈ : ചെന്നൈ എഗ്മോർ- കൊല്ലം എക്സ്പ്രസ് തീവണ്ടിയിൽ നാട്ടിലേക്കു മടങ്ങുകയായിരുന്ന മലയാളിയുവതിക്കു നേരെ അതിക്രമം.
തമിഴ്നാട് സ്വദേശിയായ വയോധികനാണ് കൊല്ലം സ്വദേശിനിയെ ആക്രമിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
പുതുച്ചേരിയിൽനിന്ന് സുഹൃത്തുക്കൾക്കൊപ്പം നാട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി. സുഹൃത്തുക്കൾ ഉറക്കത്തിലായിരുന്നു.
വിരുദാചലം സ്റ്റേഷനിലെത്താറായപ്പോൾ യുവതി മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചു. അപ്പോൾ അടുത്ത സീറ്റിലുണ്ടായിരുന്ന വയോധികൻ ദേഷ്യപ്പെട്ട് വഴക്കുണ്ടാക്കുകയായിരുന്നു.
ഇയാൾ യുവതിയുടെ ഫോൺ വലിച്ചെറിഞ്ഞു. ഫോണെടുക്കാൻ ശ്രമിച്ചപ്പോൾ കൈയിൽ പിടിച്ചെന്നും ഇതിനെ ചോദ്യംചെയ്തപ്പോൾ മർദിച്ചെന്നും യുവതി പറഞ്ഞു.
സമീപമുണ്ടായിരുന്ന ഒരാളാണ് ഈ രംഗങ്ങൾ മൊബൈലിൽ പകർത്തിയത്. പരാതിപ്പെടാൻ ശ്രമിച്ചപ്പോൾ തീവണ്ടിയിൽ റെയിൽവെ പോലീസിനെയോ ടിക്കറ്റ് പരിശോധകരെയോ കണ്ടില്ല.
തിരുച്ചിറപ്പള്ളി സ്റ്റേഷനിലെത്തിയപ്പോൾ വയോധികൻ തല്ലിയശേഷം വണ്ടിയിൽനിന്ന് ഇറങ്ങിയോടുകയായിരുന്നെന്ന് യുവതി പറഞ്ഞു.
തുടർന്ന് പോലീസിൽ പരാതി നൽകി. നടപടിയെടുക്കുന്നതിനുപകരം രാത്രിയിൽ സ്ത്രീകൾ തനിച്ചു യാത്രചെയ്യരുതെന്ന് ഉപദേശിച്ച് പോലീസ് ഒഴിഞ്ഞുമാറുകയായിരുന്നെന്ന് യുവതി ആരോപിച്ചു.