ചെന്നൈ : ലോകപട്ടിണി ദിനമായ ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി അന്നദാനം നടത്താൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം ഒരുങ്ങുന്നു.
തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും അന്നദാനം നടത്താനാണ് നിർദേശം. എല്ലാ ജില്ലാഘടകങ്ങൾക്കും മണ്ഡലഭാരവാഹികൾക്കും ഇത് സംബന്ധിച്ച് ജനറൽ സെക്രട്ടറി ബുസി ആനന്ദ് നിർദേശം നൽകി.
വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം കഴിഞ്ഞ വർഷം പട്ടിണി ദിനത്തിൽ സൗജന്യ ഭക്ഷണം വിതരണം നടത്തിയിരുന്നു. ഈ സംഘടനയെ തന്നെയാണ് പേര് മാറ്റി തമിഴക വെട്രി കഴകമാക്കിയിരിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തി രാഷ്ട്രീയത്തിൽ സജീവമാകാനാണ് വിജയ് ഒരുങ്ങുന്നത്.
ഇതിന് മുന്നോടിയായി വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. വിദ്യാർഥികൾക്ക് സൗജന്യ ട്യൂഷൻ, നിയമസഹായം നൽകാൻ അഭിഭാഷകരുടെ സേവനം തുടങ്ങിയ പദ്ധതികൾ നടന്നുവരുകയാണ്.