നടൻ ഉണ്ണി മുകുന്ദനോടും അദ്ദേഹത്തിന്റെ ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് നടൻ ഷെയ്ൻ നിഗം.
ഉണ്ണി മുകുന്ദൻ ഫിലിംസ് പ്രൊഡക്ഷൻ ഹൗസിനെക്കുറിച്ച് നടത്തിയ പരാമർശത്തിലാണ് ഷെയ്ൻ ദുബായിൽ മാപ്പുപറഞ്ഞത്.
പുതിയ ചിത്രമായ ലിറ്റിൽ ഹാർട്സിന്റെ ഗൾഫിലെ റിലീസുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷെയ്ൻ.
ഉണ്ണിമുകുന്ദന്റെ നിർമാണക്കമ്പനിയെക്കുറിച്ച് ഷെയ്ൻ അശ്ലീലപരാമർശം നടത്തിയെന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലടക്കം വിമർശനമുണ്ടായത്.
താൻ തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഷെയ്ൻ നിഗം വ്യക്തമാക്കി. ഇതുവ്യക്തമാക്കി ഉണ്ണിമുകുന്ദന് സന്ദേശമയച്ചിരുന്നു.
ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു.
സാമൂഹികമാധ്യമങ്ങളിൽ തന്റെ മാതാവിനെതിരേയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
തന്നെ മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതിൽ അടിസ്ഥാനമില്ല. അങ്ങനൊരു ഗ്യാങിനെ കുറിച്ച് തനിക്കറിയില്ലെന്നും മട്ടാഞ്ചേരിയിൽ കളിച്ചുവളർന്ന ആളാണ് താനെന്നും ഷെയിൻ പറഞ്ഞു.
സ്വതന്ത്ര നിർമാതാക്കൾക്ക് മലയാളസിനിമയിൽ പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത നിർമാതാവ് സാന്ദ്രാ തോമസ് അഭിപ്രായപ്പെട്ടു.
നടി മഹിമ നമ്പ്യാരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.