ചെന്നൈ : രാജ്യം ശ്രദ്ധിച്ച മത്സരമായിരുന്നു കോയമ്പത്തൂർ മണ്ഡലത്തിലേത്. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നുതവണ പ്രചാരണത്തിനുവന്ന മണ്ഡലം.
തമിഴകത്ത് സ്വാധീനമുറപ്പിക്കാൻ പാർട്ടി സംസ്ഥാന പ്രസിഡന്റും തീപ്പൊരി നേതാവുമായ കെ. അണ്ണാമലൈയെ രംഗത്തിറക്കിയിട്ടും കോയമ്പത്തൂരിൽ ബി.ജെ.പി.ക്ക് പച്ചപിടിക്കാനായില്ല.
ഡി.എം.കെ. സ്ഥാനാർഥിയും കോയമ്പത്തൂരിന്റെ മുൻമേയറുമായ ഗണപതി പി. രാജ്കുമാർ 81,675 വോട്ടിന്റെ വൻഭൂരിപക്ഷത്തിനാണ് അണ്ണാമലൈയെ തോൽപ്പിച്ചത്.
രാജ്കുമാർ 4,10,045 വോട്ട് നേടിയപ്പോൾ അണ്ണാമലൈ 3,28,370 വോട്ടും അണ്ണാ ഡി.എം.കെ.യിലെ സിങ്കൈ രാമചന്ദ്രൻ 1,68,271 വോട്ടും നേടി. 21,06,128 വോട്ടർമാരുള്ള കോയമ്പത്തൂർ മണ്ഡലത്തിൽ 13,66,597 പേരാണ് വോട്ടുചെയ്തത്. 64.89 ശതമാനമായിരുന്നു പോളിങ്.
പ്രചാരണരംഗത്ത് അണ്ണാമലൈ മുന്നിലായിരുന്നെങ്കിലും അതെല്ലാം വോട്ടാക്കി മാറ്റുന്നതിനുള്ള അണിയറ പ്രവർത്തനങ്ങൾ നടന്നില്ല.
പോളിങ് ശതമാനം കുറയാൻ കാരണമിതായിരുന്നു. ബി.ജെ.പി.ക്ക് വലിയസ്വാധീനമുള്ള കോയമ്പത്തൂർ നോർത്ത്, സൗത്ത് നിയമസഭാ മണ്ഡലങ്ങളിലാണ് പോളിങ് വല്ലാതെ കുറഞ്ഞത്.
ഇതിൽ കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മഹിളാമോർച്ച ദേശീയാധ്യക്ഷ വാനതി ശ്രീനിവാസനാണ് എം.എൽ.എ.
ഡി.എം.കെ.യ്ക്ക് സ്വാധീനമുള്ള പല്ലടം, സൂളൂർ, കൗണ്ടംപാളയം, സിങ്കാനല്ലൂർ മണ്ഡലങ്ങളിൽ പോളിങ് കൂടുകയും ചെയ്തിരുന്നു.
വോട്ടെണ്ണലിന്റെ തുടക്കംമുതൽ രാജ്കുമാർ തന്നെയായിരുന്നു മുന്നിൽ. പല റൗണ്ടുകളിലും അണ്ണാമലൈ തൊട്ടുപിറകെയെത്തിയിരുന്നു. എങ്കിലും ഒരുഘട്ടത്തിലും ഡി.എം.കെ. സ്ഥാനാർഥിക്ക് വെല്ലുവിളി ഉയർത്താനായില്ല.
സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന കോയമ്പത്തൂരിൽ അണ്ണാമലൈ മത്സരിക്കാൻ വന്നതോടെയാണ് മണ്ഡലം ഡി.എം.കെ. ഏറ്റെടുത്തത്.
മുൻ അണ്ണാ ഡി.എം.കെ. നേതാവും ജയലളിതയുടെ വിശ്വസ്തനുമായിരുന്ന ഗണപതി പി. രാജ്കുമാറിനെ സ്ഥാനാർഥിയാക്കിയത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ തന്ത്രമായിരുന്നു. ആ തന്ത്രം വിജയിക്കുകയുംചെയ്തു.