ചെന്നൈ : ആന്ധ്രാപ്രദേശിൽ വീണ്ടും മുഖ്യമന്ത്രിയാകാനൊരുങ്ങുന്ന ചന്ദ്രബാബു നായിഡുവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ചനടത്തി.
കഴിഞ്ഞദിവസം ഇന്ത്യസഖ്യത്തിന്റെ യോഗത്തിൽ പങ്കെടുക്കാനാണ് സ്റ്റാലിൻ ഡൽഹിയിലെത്തിയത്. എൻ.ഡി.എ. യോഗത്തിൽ പങ്കെടുക്കാൻ നായിഡുവും എത്തി.
യോഗങ്ങൾക്കുശേഷം ഇരുവരും തിരികെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നതിനായി ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കൂടിക്കാഴ്ചനടത്തിത്.
വി.ഐ.പി. ലോഞ്ചിലായിരുന്നു സ്റ്റാലിനും നായിഡുവും തമ്മിൽ കണ്ടത്. തിരഞ്ഞെടുപ്പുവിജയത്തിൽ നായിഡുവിനെ അഭിനന്ദിച്ച സ്റ്റാലിൻ ബൊക്കെനൽകി ആദരിക്കുകയുംചെയ്തു.
കൂടിക്കാഴ്ചയ്ക്കുശേഷം സാമൂഹിക മാധ്യമത്തിലൂടെ സ്റ്റാലിനാണ് ഇരുവരുംതമ്മിൽ കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തിയത്. ഒന്നിച്ചുള്ള ചിത്രങ്ങളും പങ്കുവെച്ചു.
നായിഡുവിന് ആശംസകൾ അറിയിച്ചുവെന്നും സഹോദരസംസ്ഥാനങ്ങളായ തമിഴ്നാടും ആന്ധ്രാപ്രദേശും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തോടുപറഞ്ഞെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
കേന്ദ്രസർക്കാരിൽ നിർണായക സ്വാധീനം നായിഡുവിനുണ്ടായിരിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഇടപെടൽനടത്താൻ അദ്ദേഹത്തിന് കഴിയുമെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.
വൈ.എസ്.ആർ. കോൺഗ്രസ് അധികാരത്തിലിരുന്ന കഴിഞ്ഞ പത്തുവർഷമായി തമിഴ്നാടും അയൽ സംസ്ഥാനമായ ആന്ധ്രയുംതമ്മിൽ വലിയ ബന്ധമുണ്ടായിരുന്നില്ല.
ഇതേസമയം പാലാർ നദിയിലെ തടയണയുടെപേരിൽ തർക്കമുണ്ടായിരുന്നു. ഈ തർക്കങ്ങൾ പരിഹരിക്കാനും ആന്ധ്രയുമായി നല്ലബന്ധം പുലർത്താനും തമിഴ്നാട് സർക്കാർ ശ്രമിക്കുമെന്നാണ് സൂചന.
ഇന്ത്യസഖ്യത്തിലെ പ്രധാനനേതാവായ സ്റ്റാലിൻ നിലവിൽ എൻ.ഡി.എ. സഖ്യത്തിലുള്ള നായിഡുവുമായി ബന്ധംപുലർത്തുന്നതിൽ രാഷ്ട്രീയപ്രാധാന്യവുമുണ്ട്.
നായിഡുവിനെ തങ്ങൾക്കൊപ്പം കൊണ്ടുവരാൻ ഇന്ത്യസഖ്യത്തിന് താത്പര്യമുണ്ട്. ഇതിനായി നടത്തിയ ആദ്യനീക്കങ്ങൾ ഫലിച്ചില്ലെങ്കിലും തുടർന്നുള്ള നീക്കങ്ങൾക്ക് ഈ ബന്ധം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.