ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് വിടുതലൈ ചിരുതൈകൾ കക്ഷി(വി.സി.കെ.), നാം തമിഴർ കക്ഷി(എൻ.ടി.കെ.) പാർട്ടികൾക്ക് അഭിനന്ദനമറിയിച്ച് തമിഴക വെട്രി കഴകം(ടി.വി.കെ.) നേതാവും നടനുമായ വിജയ്.
രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച വിജയ് നടത്തുന്ന സഖ്യനീക്കമായാണ് ഇതിനെ കാണുന്നത്. സംസ്ഥാനത്ത് മുഴുവൻ സീറ്റിലും വിജയിച്ച ഇന്ത്യസഖ്യത്തെയോ നേതൃത്വംനൽകിയ ഡി.എം.കെ.യെയോ വിജയ് അഭിനന്ദിച്ചില്ല.
ഇന്ത്യസഖ്യത്തിൽ ഉൾപ്പെട്ട ദളിത് പാർട്ടിയാണ് തോൽ തിരുമാവളവൻ നേതൃത്വം നൽകുന്ന വി.സി.കെ. രണ്ടുസീറ്റിൽ വിജയിച്ച വി.സി.കെ.യും 39 സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ച് എട്ടുശതമാനത്തിലേറെ വോട്ടുനേടിയ എൻ.ടി.കെ.യും സംസ്ഥാനപാർട്ടി പദവിക്ക് യോഗ്യത നേടിയിരുന്നു.
ഇത് ചൂണ്ടിക്കാട്ടിയാണ് എക്സിലൂടെ വിജയ് ഇരുപാർട്ടികളെയും അഭിനന്ദിച്ചത്. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ ആദ്യംമുതൽ സ്വാഗതംചെയ്യുന്ന പാർട്ടിയാണ് എൻ.ടി.കെ.
വിജയ്യുടെ 50-ാം പിറന്നാൾ ദിനമായ 22-ന് തമിഴക വെട്രി കഴകത്തിന്റെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിക്കുമെന്നാണ് സൂചന. പൊതുസമ്മേളനം നടത്താനും നീക്കമുണ്ട്.
ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് സീമാൻ അറിയിച്ചു. തീവ്ര തമിഴ് നിലപാട് സ്വീകരിക്കുന്ന സീമാൻ ഇതുവരെ തമിഴ്നാട്ടിലെ മറ്റൊരു പാർട്ടിയുമായും സഖ്യമുണ്ടാക്കിയിട്ടില്ല.
ഡോ. ബി.ആർ. അംബേദ്കറുടെ ആശയങ്ങൾ പഠിക്കണമെന്ന് വിദ്യാർഥികളോട് ആഹ്വാനംചെയ്യുന്ന വിജയ് സംസ്ഥാനത്തെ പ്രധാന ദളിത് പാർട്ടിയായ വി.സി.കെ.യുമായി കൈകോർക്കാനുള്ള സാധ്യത ഏറെയാണ്.
നിലവിൽ ഇന്ത്യ സഖ്യത്തിലുള്ള വി.സി.കെ.യ്ക്ക് കൂട്ടുകക്ഷിഭരണ വിഷയത്തിൽ ഡി.എം.കെ.യുമായി കടുത്ത ഭിന്നതയുണ്ട്. സംസ്ഥാനത്ത് പലയിടത്തും പ്രാദേശികമായും വി.സി.കെ.-ഡി.എം.കെ. പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങളുണ്ട്.
അതിനാൽ സഖ്യത്തിനായി വിജയ് നടത്തുന്ന നീക്കങ്ങളോട് വി.സി.കെ. അനുകൂലമായി പ്രതികരിച്ചേക്കും.