ചെന്നൈ : തമിഴ്നാട്ടിൽ ഒരിക്കലും ജയിക്കാത്ത പാർട്ടിയാണ് ബി.ജെ.പി.യെന്ന് അണ്ണാ ഡി.എം.കെ. മുതിർന്നനേതാവ് ഡി.ജയകുമാർ.
ഐ.പി.എല്ലിൽ ഒരിക്കലും ചാമ്പ്യന്മാരാകാത്ത ബാംഗ്ലൂർ റോയൽചലഞ്ചേഴ്സ് ടീമിന്റെ വിധിയാണ് തമിഴ്നാട്ടിൽ ബി.ജെ.പി.യുടേത്.
അണ്ണാ ഡി.എം.കെ. പല വിജയങ്ങൾനേടിയ ചെന്നൈ സൂപ്പർ കിങ്സാണെന്നും ജയകുമാർ പറഞ്ഞു.
ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈക്ക് രാഷ്ട്രീയനേതാവാകാൻ കഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും ഐ.പി.എസ്. ഉദ്യോഗസ്ഥനെ പോലെയാണ് പെരുമാറുന്നതെന്നും ജയകുമാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടുതവണ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി. എന്നിട്ടും ഒരു സീറ്റ് നേടാൻ പോലും ബി.ജെ.പി.ക്ക് സാധിച്ചില്ല.
ജി.കെ. മൂപ്പനാരുടെ കാലത്ത് രാജീവ് ഗാന്ധി പല തവണ തമിഴ്നാട്ടിൽ പ്രചാരണം നടത്തിയപ്പോൾ 23 സീറ്റ് കോൺഗ്രസ് നേടിയിരുന്നതും ജയകുമാർ ചൂണ്ടിക്കാട്ടി.
പല തവണകളായി മുപ്പത് വർഷത്തിലേറെ തമിഴ്നാട് ഭരിച്ച പാർട്ടിയാണ് അണ്ണാ ഡി.എം.കെ. പല തോൽവികളും പാർട്ടി നേരിട്ടിട്ടുണ്ട്.
അതിന് ശേഷം വിജയത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ടെന്നും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ചരിത്ര വിജയം നേടും.
ഇതേ സമയം ബി.ജെ.പിയുടെ മത, വിദ്വേഷ രാഷ്ട്രീയം ഉത്തരേന്ത്യയിലും വിലപ്പോകില്ലെന്നും ജയകുമാർ പറഞ്ഞു.