ചെന്നൈ : കടുത്തചൂടിലും തുടർന്നുപെയ്ത മഴയിലും തമിഴ്നാട്ടിൽ പച്ചക്കറി ഉത്പാദനം കുറഞ്ഞതോടെ വില കുതിച്ചുയരുന്നു.
ലഭ്യത കുറഞ്ഞതിനാൽ മൊത്തവ്യാപാര ചന്തയിൽ തക്കാളിക്ക് കിലോയ്ക്ക് 60 രൂപയായി ഉയർന്നു. മഹാരാഷ്ട്രയിൽ വ്യാപകമായി മഴപെയ്യുന്നതിനാൽ സവാളവരവ് കുറഞ്ഞതോടെ തമിഴ്നാട്ടിലും വിലകൂടി.
മഹാരാഷ്ട്രയിൽനിന്ന് 45 ലോഡ് സവാള വന്നുകൊണ്ടിരുന്ന സ്ഥാനത്തിപ്പോൾ 30 ലോഡ് മാത്രമാണ് വരുന്നത്. സവാളയ്ക്ക് 65 രൂപയാണിപ്പോൾ.
കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നെത്തുന്ന പച്ചക്കറികളുടെ വരവും കുറഞ്ഞു. രണ്ടുസംസ്ഥാനങ്ങളിലും മഴപെയ്യുന്നതിനാൽ അവിടെയും പച്ചക്കറിയ്ക്ക് വില ഉയരുകയാണ്.
ചെന്നൈയിലേക്ക് ഈ രണ്ട് സംസ്ഥാനങ്ങളിൽനിന്നുമായി 600 ലോറികളിലാണ് പച്ചക്കറി എത്തിയിരുന്നത്. ഇപ്പോൾ ചെന്നൈയിലേക്ക് 300 ലോഡ് പച്ചക്കറിമാത്രമാണ് എത്തുന്നത്.
ക്യാരറ്റ് വില കിലോയ്ക്ക് 80 രൂപയും ബീൻസ് കിലോയ്ക്ക് 100 രൂപയ്ക്കുമാണ് മൊത്തവ്യാപാര ചന്തയിൽ വിൽക്കുന്നത്.
ചില്ലറവിപണിയിൽ പച്ചക്കറിവില മൊത്തവ്യാപാര ചന്തയിലേതിനേക്കാൾ കൂടുതലാണ്. ചെറിയ ഉള്ളിയ്ക്ക് 80 രൂപയാണ് കിലോയ്ക്ക്.
വെണ്ടയ്ക്ക, ബീറ്റ് റൂട്ട് എന്നിവയ്ക്ക് കിലോയ്ക്ക് 60 രൂപ വീതവീതവും കാബേജിന് കിലോയ്ക്ക് 40 രൂപയുമാണ് മൊത്തവ്യാപാര ചന്തയിലെ വില.