ചെന്നൈ : 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ 200-ലധികം സീറ്റ് ലക്ഷ്യമിട്ട് ഡി.എം.കെ. പാർട്ടി പ്രവർത്തകർക്ക് എഴുതിയ കത്തിലാണ് സുപ്രധാന ലക്ഷ്യത്തെ സംബന്ധിച്ച് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ പ്രഖ്യാപനം.
വിജയം നേടുന്നതിനായി പ്രവർത്തകർ ഇപ്പോൾത്തന്നെ തയ്യാറെടുപ്പുകൾ തുടങ്ങണമെന്നും സ്റ്റാലിൻ ആഹ്വാനംചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റും ഡി.എം.കെ. സഖ്യത്തിനു തൂത്തുവാരാനായി.
ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിച്ചുകൊണ്ടും വിഭാഗീയരാഷ്ട്രീയത്തെ തടഞ്ഞുനിർത്തിക്കൊണ്ടും രാജ്യത്തെ നയിക്കാൻ തമിഴ്നാട്ടിലെ ജനങ്ങൾ നൽകിയ വോട്ടുകളായിരുന്നു വിജയത്തിലേക്കു നയിച്ചത്.
താൻ ചിന്തിക്കുന്നതുപോലെ പാർട്ടിപ്രവർത്തകർ പ്രവർത്തിച്ചു. ആശങ്കകളും തളർച്ചയും ഉണ്ടായപ്പോൾപോലും അതിനെ ധൈര്യപൂർവം മറികടന്നു. നാല്പതുസീറ്റിലും വിജയം നേടിയിട്ടും തമിഴ്നാടിന് എന്ത് നേട്ടമെന്ന് എതിർചേരിയിലുള്ളവർ ചോദിക്കുന്നു.
ഈ വിജയം ഭരണം കൈയാളുന്നവർക്ക് കടിഞ്ഞാണാണ്. ജനാധിപത്യത്തിന്റെ പ്രതിരോധകവചമാണ്. ഡി.എം.കെ. സഖ്യത്തിന്റെ വിജയം ഇന്ത്യസഖ്യത്തിന് മാത്രമല്ല ഇന്ത്യൻ ജനാധിപത്യത്തിനും പ്രതീക്ഷ നൽകുന്നതാണെന്നും സ്റ്റാലിൻ കത്തിൽ വ്യക്തമാക്കി.