ബെംഗളൂരു: ക്വീൻസ് റോഡിലെ കെ.പി.സി.സി ആസ്ഥാന പരിസരത്ത് അനുമതിയില്ലാതെ ബാനര്‍ കെട്ടിയതിന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ കൂടിയായ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് 50,000 രൂപ പിഴ.
ബി.ബി.എം.പി അധികൃതരാണ് പിഴ ചുമത്തിയത്.
മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി, കര്‍ണാടക മുൻ മുഖ്യമന്ത്രി ഡി. ദേവരാജ് അര്‍സ് എന്നിവയുടെ ജന്മദിന ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി.സി.സിയുടെ പിന്നാക്ക വിഭാഗ സംഘടനകളാണ് പാര്‍ട്ടി നേതാക്കളുടെ പടങ്ങള്‍ ഉള്‍പ്പെട്ട ബാനര്‍ പ്രദര്‍ശിപ്പിച്ചത്.
പാര്‍ട്ടി അധ്യക്ഷൻ എന്ന നിലയിലാണ് പിഴ ശിവകുമാറിന്റെ പേരിലായതെന്ന് അധികൃതര്‍ പറഞ്ഞു.
നഗര സഭ വസന്ത നഗര്‍ ഡിവിഷൻ അസി. റവന്യൂ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് അനധികൃത ബാനര്‍ ശ്രദ്ധയില്‍പെട്ടത്.
അനധികൃത ബാനര്‍, ഫ്ലക്സ്, ഹോര്‍ഡിങ് തുടങ്ങിവ സ്ഥാപിക്കുന്നവര്‍ക്ക് എതിരെ ബി.ബി.എം.പി ശക്തമായ നടപടി സ്വീകരിക്കും എന്ന് ഉപമുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.