ചെന്നൈ : കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് ആരോഗ്യപ്രശ്നങ്ങൾ നേരിട്ടു സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ നടനും തമിഴ്നാട് വെട്രി കഴകം പ്രസിഡൻ്റുമായ വിജയ് നേരിട്ട് കണ്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് അനുശോചനം രേഖപ്പെടുത്തി.
കള്ളക്കുറിച്ചി കരുണാപുരം ഭാഗത്ത് വ്യാജമദ്യം കുടിച്ച് 42 പേർ മരിച്ച സംഭവം പ്രദേശത്ത് ദുരന്തം വിതച്ചു. മദ്യം കഴിച്ചവരിൽ പലർക്കും ഛർദ്ദി, തലകറക്കം, തലവേദന, വയറുവേദന എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് കള്ളക്കുറിച്ചി സർക്കാർ ആശുപത്രി, വില്ലുപുരം സർക്കാർ ആശുപത്രി, പുതുച്ചേരി ജിപ്മർ ആശുപത്രി, സേലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചത്.
ഈ സാഹചര്യത്തിൽ, നടനും തമിഴ്നാട് വെട്രി കഴകം പ്രസിഡൻ്റുമായ വിജയ് ഇന്ന് വൈകിട്ട് കല്ലുറിച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ നേരിട്ട് കണ്ട് സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞു. അവരെ ആശ്വസിപ്പിക്കുകായും ചെയ്തു. പരിക്കേറ്റവരുടെ അവസ്ഥയും അദ്ദേഹം ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു.
നേരത്തെ, ഈ സംഭവത്തെക്കുറിച്ച് നടൻ വിജയ് തൻ്റെ എക്സ് പേജിലെ പോസ്റ്റിലൂടെ വിഷമദ്യ ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയിരുന്നു . സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമെന്ന് എക്സിലൂടെ പ്രതികരിച്ചു. പാർട്ടിയുടെ ഒഫീഷ്യൽ അക്കൗണ്ടിലാണ് വിജയ് സർക്കാറിനെ വിമർശിച്ചത്.
“കള്ളകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് 25-ലധികം പേർ മരിച്ചെന്ന വാർത്ത അങ്ങേയറ്റം ദു:ഖകരമാണ്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. രോഗബാധിതരും ചികിത്സയിൽ കഴിയുന്നവരും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു.
കഴിഞ്ഞ വർഷവും ഇതുപോലൊരു സംഭവത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്. സർക്കാർ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായത് എന്നത് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തമിഴ്നാട് സർക്കാർ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണം.” – തമിഴ്നാട് വെട്രി കഴകം അധ്യക്ഷൻ എക്സിൽ കുറിച്ചു.