ചെന്നൈ : ദേശീയതലത്തിൽ ജാതിസെൻസസ് നടത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് തമിഴ്നാട് നിയമസഭയിൽ പ്രമേയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.
സംവരണപ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ സെൻസസിനൊപ്പം ജാതിതിരിച്ചുള്ള കണക്കുകൂടി എടുക്കുകമാത്രമാണ് പരിഹാരമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വണ്ണിയർ സമുദായത്തിന് 10.5 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ പി.എം.കെ. അംഗങ്ങൾ ആവശ്യപ്പെട്ടപ്പോഴാണ് നിയമസഭയിൽ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
മുൻ സർക്കാർ കൊണ്ടുവന്ന വണ്ണിയർ സംവരണം ഹൈക്കോടതിയും സുപ്രീംകോടതിയും റദ്ദാക്കുകയായിരുന്നുവെന്ന് നിയമമന്ത്രി എസ്. രഘുപതി ചൂണ്ടിക്കാണിച്ചു.
ജാതിസെൻസസ് നടത്തി അതിന്റെ അടിസ്ഥാനത്തിൽ സംവരണം കൊണ്ടുവന്നാലേ നിയമപരമായി നിലനിൽക്കൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ ബി.ജെ.പി. സഖ്യത്തിലുള്ള പി.എം.കെ. അതിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.