ചെന്നൈ : എല്ലാ സർക്കാർസ്ഥാപനങ്ങളിലും ഭിന്നശേഷിക്കാർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. കുംഭകോണം സ്വദേശിയായ എസ്. സ്വാമിമലൈ സുന്ദര വിമൽനാഥൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ആർ. സുരേഷ് കുമാർ, ജി. അരുൾമുരുഗൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സർക്കാരിനോട് വിശദീകരണം തേടിയത്.
ഒട്ടേറെ ഭിന്നശേഷിക്കാർക്ക് മതിയായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ സർക്കാർ ഓഫീസുകളിലേക്ക് പോകാൻ കഴിയുന്നില്ലെന്ന് ഹർജി സമർപ്പിച്ച സ്വാമിമലൈ സുന്ദര വിമൽനാഥൻ ചൂണ്ടിക്കാട്ടി.
To advertise here, Contact Us
സർക്കാർ ഓഫീസുകളിലെ ചവിട്ടുകൾക്ക് കൈപ്പിടികളില്ല. അതുപോലെ ലിഫ്റ്റുകളോ ഇല്ല. തഞ്ചാവൂർ ജില്ലയിലെ സർക്കാർ-സ്വകാര്യ മേഖലകളിലെ ഓഫീസുകൾ ഭിന്നശേഷിസൗഹൃദമല്ലെന്നും ഹർജിയിൽ പറഞ്ഞു.
കോർപ്പറേഷനും മുനിസിപ്പാലിറ്റിയും ടൗൺ പഞ്ചായത്തുകളും വില്ലേജ് പഞ്ചായത്തുകളും ഇതുസംബന്ധിച്ച് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകണം. ഹർജിയിൽ ആവശ്യപ്പെട്ടു.
2016-ലെ ഭിന്നശേഷിക്കാർക്കായുള്ള നിയമത്തിൽ സർക്കാർ ഓഫീസുകളിൽ ലിഫ്റ്റുകൾ, വീൽചെയറുകൾ, കുടിവെള്ളം, ശൗചാലയം, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങളുണ്ടാകണമെന്ന് വ്യവസ്ഥ ചെയ്തിരുന്നുവെന്നും ഹർജിയിൽ വ്യക്തമാക്കി. കേസിൽ വീണ്ടും വാദം കേൾക്കാൻ നാലാഴ്ചത്തേക്ക് നീട്ടിവെച്ചു.