ചെന്നൈ : തിരുച്ചിറപ്പള്ളി ജില്ലയിലെ മണപ്പാറയിൽ മെഡിക്കൽ സ്റ്റോർ ഉടമയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട മലയാളിയടക്കമുള്ള എട്ടംഗസംഘം പിടിയിൽ.
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി നൗഷാദ്(45), തമിഴ്നാട് സ്വദേശികളായ ശേഖർ(42), സുധാകർ(44), മാരിമുത്തു(53), വിനോദ് (37), കാർത്തികേയൻ(37), ശക്തിവേൽ(32), മണികണ്ഠൻ(29) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് അഞ്ചുലക്ഷം രൂപ, അഞ്ചുപവൻ സ്വർണം, തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാർ, രണ്ട് ഇരുചക്രവാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു.
മണപ്പാറ വീരപ്പുരിൽ മെഡിക്കൽ സ്റ്റോർ നടത്തിയിരുന്ന സുധാകറിനെയാണ് (44) തട്ടിക്കൊണ്ടുപോയത്. മെഡിക്കൽ സ്റ്റോർ നടത്തുന്നതിനൊപ്പം സുധാകറും ഭാര്യയും രോഗികളെ പരിശോധിക്കാറുമുണ്ടായിരുന്നു.
കഴിഞ്ഞദിവസം നൗഷാദടക്കം ഒരുസംഘമാളുകൾ തമിഴ്നാട് സർക്കാർ എന്നെഴുതിയിട്ടുള്ള കാറിൽ മെഡിക്കൽ സ്റ്റോറിലെത്തി. ആരോഗ്യവകുപ്പിൽനിന്നാണെന്നും രോഗികളെ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യണമെന്നും പറഞ്ഞ് സുധാകറിനെ കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
പിന്നീട് ഭാര്യയെ വിളിച്ചു സുധാകറിനെ വിട്ടുകിട്ടണമെങ്കിൽ 20 ലക്ഷം രൂപ നൽകണമെന്ന് പറഞ്ഞു. സുധാകറിന്റെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ്, കാർ കണ്ടെത്തി സുധാകറിനെ മോചിപ്പിക്കുകയും ആറുപേരെ പിടികൂടുകയുമായിരുന്നു. ഇവരിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റു രണ്ടുപേരെക്കൂടി അറസ്റ്റുചെയ്തു