ചെന്നൈ : എസ്.ബി.ഐ. റിവാർഡ് പോയിന്റ് തട്ടിപ്പിൽ ജാഗ്രതാനിർദേശവുമായി തമിഴ്നാട് സൈബർ ക്രൈം പോലീസ്.
ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽനിന്നുമാത്രം മേയ്, ജൂൺ മാസങ്ങളിൽ 73 പരാതികൾ ലഭിച്ചതായി പോലീസ് അറിയിച്ചു.
എസ്.ബി.ഐ. റിവാർഡ് പോയിന്റുകളെക്കുറിച്ച് വ്യാജസന്ദേശങ്ങൾ അയയ്ക്കാൻ തട്ടിപ്പുകാർ മൊബൈൽ ഫോണുകൾ ഹാക്ക് ചെയ്തതായും കണ്ടെത്തി.
ഇതുവഴിയാണ് വാട്സാപ്പ് അക്കൗണ്ടുകളിലേക്ക് സന്ദേശങ്ങൾ കൈമാറുന്നത്. പലപ്പോഴും ഇത്തരം ഗ്രൂപ്പുകളുടെ ഐക്കണുകളും പേരുകളും ‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നായിരിക്കും.
തട്ടിപ്പിനെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ബാങ്ക് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനും റിവാർഡ് പോയിന്റുകൾ ഉപയോഗപ്പെടുത്താനും സഹായിക്കാമെന്നുള്ള സന്ദേശങ്ങളോടെയാണ് തട്ടിപ്പിന്റെ തുടക്കം.
സന്ദേശത്തിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫയൽ ഡൗൺലോഡ് ചെയ്യാനോ അപ്ഡേറ്റ് ചെയ്യാനോ ആവശ്യപ്പെടും.
ഇങ്ങനെചെയ്താൽ വ്യക്തികളറിയാതെ അവരുടെ ഉപകരണത്തിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ബാങ്കിങ് വിവരങ്ങളും പാസ്വേഡുകൾ, ഒ.ടി.പി.കൾ തുടങ്ങിയവും മോഷ്ടിക്കപ്പെടുകയും ചെയ്യും.
ബാങ്ക് വിശദാംശങ്ങൾ നൽകുമ്പോൾ ഫോണിലേക്ക് ഒ.ടി.പി. വരുകയും അത് പറഞ്ഞുതരാൻ ആവശ്യപ്പെടുകയുംചെയ്യും.
ഒ.ടി.പി. നമ്പർ നൽകിയാൽ തട്ടിപ്പുകാർ ബാങ്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കും. ബാങ്ക് വിശദാംശങ്ങളും ഒ.ടി.പി.കളുംവെച്ച് അവർ പണം തട്ടിയെടുക്കും.
മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ തട്ടിപ്പുസംഘത്തിന്റെ വലയിൽക്കരുങ്ങാനുള്ള സാധ്യതയേറെയാണെന്നും പോലീസ് പറയുന്നു. അധികസുരക്ഷ എന്നനിലയിൽ ഓൺലൈൻ അക്കൗണ്ടുകളിൽ ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ നിർബന്ധമാക്കണമെന്നും പോലീസ് നിർദേശിച്ചു.
അജ്ഞാതനമ്പറുകളിൽനിന്നുള്ള സന്ദേശങ്ങൾ പരമാവധി ഒഴിവാക്കണം. വ്യക്തിഗതവിവരങ്ങൾ പങ്കുവെയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം. പരാതികളോ സംശയങ്ങളോ തോന്നുകയാണെങ്കിൽ സൈബർ ക്രൈം ടോൾഫ്രീ ഹെൽപ്പ് ലൈൻ നമ്പറായ 1930-ൽ വിളിക്കാം. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ പരാതി രജിസ്റ്റർചെയ്യാമെന്നും പോലീസ് അറിയിച്ചു.