ചെന്നൈ : നദീജലം വിട്ടുനൽകണമെന്ന കാവേരി നിയന്ത്രണ അതോറിറ്റിയുടെ ഉത്തരവ് ലംഘിച്ച കർണാടക സർക്കാരിനെതിരേ പ്രതിഷേധം പടരുന്നതിനിടെ ഭാവികാര്യങ്ങൾ തീരുമാനിക്കുന്നതിന് തമിഴ്നാട് സർക്കാർ ചൊവ്വാഴ്ച സർവകക്ഷി യോഗം വിളിച്ചു.
ഈ വിഷയത്തിൽ കർണാടകത്തിന്റെ നിലപാട് അപലപനീയമാണെന്നും ഒരു കാരണവശാലും അത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
കാവേരിയിൽനിന്ന് തമിഴ്നാടിന് ജൂലായ് 12 മുതൽ 31 വരെ 20 ടി.എം.സി. അടിവെള്ളം വിട്ടുകൊടുക്കാനാണ് അതോറിറ്റി കഴിഞ്ഞദിവസം കർണാടകത്തോട് ഉത്തരവിട്ടത്.
കാവേരി തടത്തിലെ നാലു ജലസംഭരണികളിൽ 28 ശതമാനം വെള്ളത്തിന്റെ കുറവുണ്ടെന്നു പറഞ്ഞ് കർണാടകം അത് നടപ്പാക്കിയില്ല.
തമിഴ്നാടിന് ദിവസം എട്ട് ക്യൂസെക്സ് വെള്ളം നൽകാമെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞത്. കാവേരി അതോറിറ്റിയുടെ ഉത്തരവനുസരിച്ച് ദിവസം ഒരു ടി.എം.സി. അടി വെള്ളമാണ് നൽകേണ്ടത്. അത് 11,500 ക്യൂസെക്സ് വരും.
കാവേരി നദീജല അതോറിറ്റിയുടെ ഉത്തരവ് അനുസരിക്കില്ലെന്ന കർണാടകത്തിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇതിനെതിരേ നിയമപടി സ്വീകരിക്കുന്ന കാര്യം വിദഗ്ധരുമായി ചർച്ച ചെയ്യും.
ഭാവി പരിപാടികൾ തീരുമാനിക്കുന്നതിനാണ് സർവകക്ഷി യോഗം വിളിക്കുന്നത്.-സ്റ്റാലിൻ പറഞ്ഞു.