ചെന്നൈ : ലോക്കോപൈലറ്റുമാർക്ക് വിശ്രമ മുറിയും മിനി ജിംനേഷ്യവും സൗജന്യനിരക്കിൽ ഭക്ഷണവും ഏർപ്പെടുത്തി ദക്ഷിണ റെയിൽവേ.
ചെന്നൈയിലും എഗ്‌മോറിലുമാണ് ഈ സൗകര്യമുള്ളത്. ഘട്ടംഘട്ടമായി മറ്റ് പ്രധാന റെയിൽവേ ഡിവിഷൻ ആസ്ഥാനത്തും നടപ്പാക്കും.
ചെന്നൈ സെൻട്രലിലും എഗ്‌മോറിലും നിലവിലുള്ള വിശ്രമമുറികൾ എ.സി. ഘടിപ്പിച്ച് നവീകരിക്കുകയായിരുന്നു. ഒപ്പം ട്രെഡ് മിൽ ഉൾപ്പെടെയുള്ള ആധുനിക വ്യായാമ ഉപകരണങ്ങളുള്ള മിനി ജിമ്മും സജ്ജീകരിച്ചു. കാരംസ്, ചെസ്സ് തുടങ്ങിയ ഗെയിംസുമുണ്ട്.
ശാരീരികവും മാനസികവുമായ സമ്മർദമില്ലാതാക്കാൻ യോഗ, ധ്യാനം എന്നിവയ്ക്കുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
വായനമുറിയിൽ മാഗസിനുകളും ദിനപത്രങ്ങളും കൂടാതെ തീവണ്ടിയോട്ടവുമായി ബന്ധപ്പെട്ടുള്ള പ്രസിദ്ധീകരണങ്ങളുമുണ്ട്. ഇസ്തിരിപ്പെട്ടി, ഷൂ ക്ലീനർ തുടങ്ങിയവ സജ്ജീകരിച്ച പ്രത്യേകസ്ഥലവുമുണ്ട്.
ലോക്കോ പൈലറ്റുമാർ, അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാർ, ഗാർഡ് എന്നിവർക്കാണ് ഈ സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുക. വിശ്രമമുറിയിൽ ഷിഫ്റ്റടിസ്ഥാനത്തിൽ 24 മണിക്കൂറും ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
ലോക്കോ പൈലറ്റുമാരുടെ ജോലിസമയം എട്ടു മണിക്കൂറാക്കി നിജപ്പെടുത്താനും നടപടിയെടുക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ആഴ്ചയിൽ 45 മണിക്കൂർ വിശ്രമം അനുവദിക്കണം, ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്തണം തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് അടുത്തിടെ ലോക്കോ പൈലറ്റുമാർ സമരം നടത്തിയിരുന്നു.