വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ട് സ്ഥാനാർഥിയുമായി ജോ ബൈഡൻ പിൻമാറി.
രാജ്യത്തിന്റേയും പാർട്ടിയുടേയും നല്ലതിനായി മത്സരത്തിൽ നിന്നു പിൻമാറുന്നുവെന്നു എക്സിൽ പങ്കിട്ട കുറിപ്പിൽ ബൈഡൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് നാല് മാസം മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ പിൻമാറ്റം.
തനിക്കു പകരം ഇന്ത്യൻ വംശജയും നിലവിലെ വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ പേര് നിർദ്ദേശിച്ചാണ് ബൈഡന്റെ പിൻമാറ്റം.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ കമലയെ പിന്തുണയ്ക്കണമെന്നു ബൈഡൻ ഡെമോക്രാറ്റുകളോടു ആവശ്യപ്പെട്ടു.
കമല മത്സരിച്ചാൽ ഇതാദ്യമായി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു ഇന്ത്യൻ വംശജ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്.
കമലയ്ക്ക് പുറമെ സെനറ്റർ മാർക്ക് കെല്ലി, കെന്റക്കി ഗവർണർ ആൻഡി ബെഷിയർ, നോർത്ത് കരോലിന ഗവർണർ റോയ് കൂപ്പർ എന്നിവരുടെ പേരുകളും ഉയർന്നു കേൾക്കുന്നുണ്ട്.
ഷിക്കാഗോയിൽ അടുത്ത മാസം 19നു ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷണൽ കൺവെൻഷനിൽ പുതിയ സ്ഥാനാർഥിയെ തെരഞ്ഞെടുക്കും. കമല ഹാരിസ് തന്നെ സ്ഥാനാർഥിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.