ചെന്നൈ : ഈ വർഷം ജനുവരി 1 മുതൽ ജൂലൈ 24 വരെ തമിഴ്നാട്ടിൽ 6,565 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ചെന്നൈ, കോയമ്പത്തൂർ, കൃഷ്ണഗിരി, തിരുപ്പത്തൂർ, തേനി, മധുര, തിരുനെൽവേലി, നാമക്കൽ, തഞ്ചാവൂർ എന്നിവിടങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും നിയന്ത്രണ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യൻ പറഞ്ഞു.
ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം ആരോഗ്യവകുപ്പും തുടർന്നുവരികയാണെന്ന് ചെന്നൈയിൽ വ്യാഴാഴ്ച നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
കടലൂർ, തഞ്ചാവൂർ, ചെന്നൈ എന്നിവിടങ്ങളിൽ സ്ക്രബ് ടൈഫസ് കേസുകളും ചെന്നൈ, കന്യാകുമാരി, തിരുവള്ളൂർ എന്നിവിടങ്ങളിൽ നിരവധി എലിപ്പനി കേസുകളും കണ്ടെത്തിയട്ടുണ്ട്.
ചെന്നൈ, തിരുച്ചി, തേനി എന്നിവിടങ്ങളിൽ മഞ്ഞപ്പിത്തവും ചെന്നൈ, കോയമ്പത്തൂർ, കാഞ്ചീപുരം ജില്ലകളിൽ ഇൻഫ്ലുവൻസ കേസുകളും കണ്ടെത്തി. കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുന്നുണ്ടെന്നു ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.